Kerala News

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രൻ അടക്കമുള്ള പ്രതികള്‍ ഇന്ന് ഹാജരാവും

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള മുഴുവൻ പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിലാണ് ഹാജരാവുക. വിടുതൽ ഹർജി പരിഗണിക്കാൻ കേസിലെ മുഴുവൻ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശം നൽകിയിരുന്നു.

പ്രതികളുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. പിന്നാലെ വിടുതൽ ഹർജിക്ക് മറുപടിയായി പ്രോസിക്യൂഷൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് ഹർജിയിൽ കോടതി വിശദമായ വാദം കേട്ടതിന് ശേഷം തീരുമാനം എടുക്കും. എന്നാൽ, കേസെടുത്തതും പ്രതി ചേർത്തതും നിയമാനുസൃതമല്ലെന്നാണ് പ്രതികളുടെ വാദം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർത്ഥി കെ സുന്ദരയ്യയ്ക്ക് പാരിതോഷികം നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണുമാണ് നൽകിയത്. സുന്ദരയ്യ തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. അന്നത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി വി രമേശ് 2021 ജൂണിൽ ഇതിനെതിരെ പരാതി നൽകി. ഈ പരാതിയിലാണ് കെ സുരേന്ദ്രനടക്കം ആറ് പേർക്കെതിരെ കേസെടുത്തത്.

Related Posts

Leave a Reply