മലപ്പുറം: ഭർത്താവുമായുളള പിണക്കം മാറ്റിത്തരാം എന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിക്കുകയും ദൃശ്യം പകർത്തി ലക്ഷങ്ങൾ തട്ടുകയും ചെയ്ത കേസിൽ മന്ത്രവാദിയും കൂട്ടാളിയും പിടിയിൽ. മന്ത്രവാദി എന്ന് അവകാശപ്പെടുന്ന മലപ്പുറം മാറാഞ്ചേരി സ്വദേശി കാണാക്കോട്ടയിൽ വീട്ടിൽ താജുദ്ദീൻ (46), ഇയാളുടെ ശിഷ്യനായ വടക്കേക്കാട് നായരങ്ങാടി സ്വദേശി മലയംകുളത്തിൽ വീട്ടിൽ ഷക്കീർ (37) ആണ് അറസ്റ്റിലായത്. ഭർത്താവുമായുളള പ്രശ്നങ്ങൾ മന്ത്രവാദത്തിലൂടെ തീർക്കാമെന്ന് പറഞ്ഞ് ഷക്കീർ ആണ് യുവതിയെ സമീപിക്കുന്നത്. ഇത് വിശ്വസിച്ച യുവതിക്ക് അവരുടെ വീട്ടിൽ ചെന്ന് ഷക്കീർ തലവേദനയ്ക്കുളള ഗുളികയാണെന്ന് പറഞ്ഞ് മരുന്ന് നൽകി ബോധം കെടുത്തുകയായിരുന്നു. ബോധരഹിതയായ യുവതിയെ നഗ്നയാക്കി ഫോട്ടോ എടുത്ത ഷക്കീർ അവരെ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. പിന്നീട് ഫോട്ടോ ഭർത്താവിനും കുടുംബത്തിനും കാണിച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് ഒരു ലക്ഷം തട്ടിയെടുക്കുകയും ചെയ്തു.
പിന്നീട് മന്ത്രവാദിയായ താജുദ്ദീൻ യുവതിക്ക് പ്രേതബാധയുണ്ടെന്നും ഷക്കീർ കൈവിഷം നൽകിയിട്ടുണ്ടെന്നും ആരോപിച്ചു. ഇത് മന്ത്രവാദം വഴി ഒഴിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയുടെ കിടപ്പുമുറിയിൽ കയറി മരുന്ന് നൽകി അബോധാവസ്ഥയിലാക്കി. ശേഷം ബലാത്സംഗം ചെയ്യുകയും ദൃശ്യം പകർത്തുകയും ചെയ്തു. തുടർന്ന് ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചു, കൂടാതെ 60 ലക്ഷം തട്ടിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. ചാവക്കാട് പൊലീസ് ഇൻസ്പെക്ടർ വി വി വിമലിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു.