പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ യുവതിയുടെ മൊഴിയുടെ സമ്പൂർണ വിശദാംശങ്ങൾ , ഭർത്താവ് തന്നെ ആദ്യമായി മർദ്ദിച്ചത് പന്ത്രണ്ടാം തീയതി പുലർച്ചെയാണെന്നത് ഉൾപ്പെടെ എട്ട് പേജടങ്ങുന്ന മൊഴിയാണ് പൊലീസിന് നൽകിയത്.
ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു. തുടർന്ന് എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു. മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു. എന്നെ മർദ്ദിക്കുമ്പോൾ തൊട്ടടുത്ത മുറികളിൽ പോലും ആളുകൾ ഉണ്ടായിരുന്നു. ആരും വന്ന് തിരക്കിയില്ല. കോഴിക്കോട് ബീച്ചിൽ വച്ച് ഭർതൃ മാതാവ് തന്നോട് സംസാരിക്കുന്നില്ല എന്ന് പരാതി പറഞ്ഞിരുന്നു. ഇക്കാര്യം കൂടി പറഞ്ഞാണ് എന്നെ പന്ത്രണ്ടാം തീയതി പുലർച്ചെ മർദ്ദിച്ചത്. രാഹുലിന് കൂടുതൽ സ്ത്രീധനത്തിന് അർഹതയുണ്ട് എന്ന് പറഞ്ഞു. ഇനി എന്തെങ്കിലും കൂടി തരുമോ എന്ന് ചോദിച്ചു – യുവതി പറഞ്ഞു.
വിവാഹ ദിവസം തന്നെ തന്റെ ഫോൺ വാങ്ങി വെച്ചുവെന്നും തനിക്ക് സുഹൃത്തുക്കൾ അടക്കം അയച്ച മെസ്സേജുകൾ കൈകാര്യം ചെയ്തത് ഭർത്താവാണെന്നും യുവതി പറഞ്ഞു. മുൻപ് വിവാഹാലോചന വന്ന യുവാവ് അയച്ച സന്ദേശവും ഭർത്താവ് ചോദ്യം ചെയ്തു. ഈ സന്ദേശത്തിന്റെ കാര്യം പറഞ്ഞു തന്നെ മർദ്ദിച്ചുവെന്നും തന്നെ മർദ്ദിച്ച വിവരമറിഞ്ഞിട്ടും മാതാവ് ഒന്നും തിരക്കിയില്ലെന്നും യുവതി നൽകിയ എട്ട് പേജുള്ള മൊഴിയിൽ പറയുന്നു.
