Kerala News

ബെംഗളൂരുവില്‍ ഇ വി ഷോറൂമില്‍ തീപ്പിടിത്തത്തില്‍ ജീവനക്കാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവില്‍ ഇ വി ഷോറൂമില്‍ തീപ്പിടിത്തത്തില്‍ ജീവനക്കാരിക്ക് ദാരുണാന്ത്യം. രാജ്കുമാര്‍ റോഡിലെ ‘മൈ ഇ വി സ്റ്റോര്‍’ ഷോറൂമിലുണ്ടായ തീപ്പിടിത്തത്തില്‍ ജീവനക്കാരിയായ പ്രിയ വെന്തുമരിച്ചു. ഷോറൂമിലെ ഇലക്ട്രിക് സ്‌കൂട്ടറുകളും കത്തി നശിച്ചു. നിലവില്‍ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.

വൈകിട്ടോടെയായിരുന്നു ഇലട്രിക് സ്‌കൂട്ടറുകള്‍ സൂക്ഷിച്ച ഷോറൂമില്‍ തീയും പുകയും ഉയര്‍ന്നത്. അഗ്‌നിബാധ കണ്ട ജീവനക്കാര്‍ പുറത്തേക്ക് ചിതറി ഓടിയെങ്കിലും ഒരു സ്ത്രീ മാത്രം പുക ശ്വസിച്ചു അകത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ആരും ഷോറൂമില്‍ അകപ്പെട്ടു കാണില്ലെന്ന നിഗമനത്തില്‍ ആയിരുന്നു തീയണക്കാനുള്ള ശ്രമം ആരംഭിച്ചത്.

അഗ്‌നിശമന സേന എത്തുമ്പോഴേക്കും ഷോറൂമിലെ സ്‌കൂട്ടറുകള്‍ മുഴുവന്‍ കത്തി നശിച്ചിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണം എന്നാണ് നിഗമനം. രാജാജിനഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts

Leave a Reply