Kerala News

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസുകാരിയുടെ അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍.

തിരുവനന്തപുരം ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസുകാരിയുടെ അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സെക്ഷന്‍ ഓഫീസര്‍ ചമഞ്ഞാണ് ശ്രീതു പണം വാങ്ങിയതെന്ന് എസ് പി സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു. നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു പേരുടെ പരാതിയിലെടുത്ത കേസിലാണ് അറസ്റ്റ്. കൂടുതല്‍ ആളുകള്‍ക്കും ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന പേരിലാണ് ഇവര്‍ പത്ത് ലക്ഷം രൂപ തട്ടിയതെന്നാണ് വിവരം. ജോലിക്കായി വ്യാജ ഉത്തരവ് കാണിച്ച് വിശ്വസിപ്പിച്ച് എന്നും പൊലീസ് വ്യക്തമാക്കി. ബിഎന്‍എസ് 316 ( 2 ) 318 ( 4 ) 336 (2 ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം ശ്രീതുവിന്റെ കുഞ്ഞിന്റെ കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ഇതടക്കം പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രീതുവിനോട് ചോദിച്ചറിയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രീതുവില്‍ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം. കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ മാത്രമാണ് കൊലപാതകത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്ക് മാനസിക സ്ഥിരതയില്ലെന്ന് എസ്പി കെ സുദര്‍ശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി നാളെ കസ്റ്റഡി അപേക്ഷ നല്‍കും.

കഴിഞ്ഞ മാസം 27നായിരുന്നു ബാലരാമപുരത്ത് അരുംകൊല നടന്നത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ രണ്ട് വയസ്സുകാരി ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്. ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അമ്മാവനായ ഹരികുമാര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയതെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

Related Posts

Leave a Reply