Kerala News

ബാലരാമപുരം രണ്ടരവയസുകാരിയുടെ കൊലപാതകത്തിൽ പ്രതി ഹരികുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

തിരുവനന്തപുരം: ബാലരാമപുരം രണ്ടരവയസുകാരിയുടെ കൊലപാതകത്തിൽ പ്രതി ഹരികുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. ഈ മാസം പന്ത്രണ്ടാം തീയതി വരെയാണ് ഹരികുമാറിനെ കസ്റ്റഡിയിൽ വിട്ടു നൽകിയത്. ഹരികുമാറിന് മനോരോഗമില്ലെന്ന് മാനസിക രോഗ വിദഗ്ധർ കണ്ടെത്തിയതിന് പിന്നാലെ അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.

നേരത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിൽ ആയ കുഞ്ഞിൻറെ അമ്മ ശ്രീതുവിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. നാളെ ശ്രീതുവിൻ്റെ കസ്റ്റഡി കാലാവധി തീരാനിരിക്കെ ഇന്ന് ഹരികുമാറിനെയും ശ്രീതുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. കുഞ്ഞിൻറെ കൊലപാതകത്തിൽ സാമ്പത്തിക തട്ടിപ്പുകൾക്ക് പങ്കുണ്ടോ എന്നുള്ളതാണ് നിലവിൽ പൊലീസ് അന്വേഷിച്ചു വരുന്നത്.

നേരത്തെ ഹരികുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള ശ്രമം അന്വേഷണസംഘം നടത്തിയെങ്കിലും പ്രതിക്ക് അതിനുള്ള മാനസിക ആരോഗ്യം ഉണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് പ്രതിക്ക് വേണ്ടി ഹാജരായ ജില്ലാ ലീഗൽ അതോറിറ്റിയുടെ അഡ്വ സ്വാജിന എസ് മുഹമ്മദ് കോടതിയിൽ വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്നാം കോടതി പ്രതിയെ മാനസിക പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് അയച്ചത്.

മൂന്നുദിവസത്തെ നിരീക്ഷണത്തിനുശേഷമാണ് മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം പ്രതിക്ക് യാതൊരുവിധത്തിലുള്ള മനോരോഗവും ഇല്ല എന്നുള്ള വിലയിരുത്തലിലേക്ക് എത്തിയത്. സൈക്യാട്രി വിഭാഗം നൽകിയ സർട്ടിഫിക്കറ്റും അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടുനൽകിയത്.

ജനുവരി 27നായിരുന്നു ബാലരാമപുരത്ത് അരുംകൊല നടന്നത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ മാത്രമാണ് കൊലപാതകത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്ക് മാനസിക സ്ഥിരതയില്ലെന്ന് എസ്പി കെ സുദര്‍ശന്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നു.

Related Posts

Leave a Reply