തൃശൂരിൽ ബസ് കാശ് കുറഞ്ഞതിനാൽ പെൺകുട്ടിയെ ബസിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ അന്വേഷണം നടത്തി നിയമാനുസൃതമായ നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ബാലവകാശ കമ്മീഷന് നിർദ്ദേശം നൽകി. ബസ് ചാർജ് കുറവാണെന്ന് പറഞ്ഞ് ആറാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് കണ്ടക്ടർ പാതിവഴിയിൽ ഇറക്കി വിട്ടത്.
അഞ്ച് രൂപ വേണ്ട സ്ഥാനത്ത് കുട്ടിയുടെ കൈവശം രണ്ട് രൂപയാണുണ്ടായിരുന്നത്. ഇതിനെ തുടർന്നാണ് പഴമ്പാലക്കോട് എസ്എംഎം ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ വഴിയിൽ ഇടക്കിവിട്ടത്. രണ്ട് രൂപ വാങ്ങിയശേഷം വീടിന് രണ്ടു കിലോമീറ്റർ മുന്നിലുള്ള സ്റ്റോപ്പിൽ കുട്ടിയെ ഇറക്കി വിടുകയായിരുന്നു. വഴിയിൽ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്.
അതേസമയം സംഭവത്തിൽ ബസ് കണ്ടക്ടർ പൊലീസ് സ്റ്റേഷനിൽ ഹാജരായി. കുട്ടിയും അമ്മയും സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. പൊലീസ് ഇവരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു.
