Kerala News

പെരുങ്കടവിള സഹകരണ സംഘം തട്ടിപ്പ്‌‌; പ്രസിഡന്റിന് സ്വന്തമായി സ്വകാര്യ ധനകാര്യ സ്ഥാപനം

തിരുവനന്തപുരം: കോടികളുടെ തട്ടിപ്പ് നടത്തിയ പെരുങ്കടവിള ഫാർമേഴ്സ് സഹകരണ സംഘത്തിന്റെ പ്രസിഡന്റിന് സ്വകാര്യ ധനകാര്യ സ്ഥാപനവും. ഇതിന്റെ തെളിവ് ലഭിച്ചു. മഞ്ചവിളാകത്ത് പെരുങ്കടവിള ഗ്രാമീൺ നിധി ലിമിറ്റഡ് എന്ന പേരിലാണ് സ്ഥാപനം. പ്രസിഡന്റ് ജി അജയകുമാർ, സെക്രട്ടറി കെ എസ് സ്മിത എന്നിവരാണ് സമാന്തര ധനകാര്യ സ്ഥാപനത്തിൻറെ നടത്തിപ്പുകാർ. കേരള സഹകരണ സംഘം ചട്ടം 44 പ്രകാരം സംഘം ഭരണസമിതി അംഗങ്ങൾ ഒരേ സ്വഭാവമുള്ള മറ്റൊരു ധനകാര്യ സ്ഥാപനം നടത്താൻ പാടില്ല. പക്ഷെ ഈ ചട്ടങ്ങളും നിയമങ്ങളും പെരുങ്കടവിള ഫാർമേഴ്സ് വെൽഫെയർ സംഘം പ്രസിഡന്റ് ജി അജയകുമാറിന് ബാധകമല്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

മഞ്ചവിളാകത്തെ പെരിങ്കടവിള ഗ്രാമീൺ നിധി പ്രൈവറ്റ് ലിമിറ്റഡുമായി അജയകുമാറിനുള്ള ബന്ധം സഹകരണ അസി. രജിസ്ട്രാറുടെ റിപ്പോർട്ടിൽ കൃത്യമായി ചൂണ്ടിക്കാട്ടുന്നു. പെരുങ്കടവിള ഫാർമേഴ്സ് സോഷ്യൽ വെൽഫെയർ സംഘത്തിലെ 10 ലക്ഷം രൂപ ഈ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനം രജിസ്റ്റർ ചെയ്തിരിക്കുന്നത് മാരായമുട്ടത്തെ അജയകുമാറിന്റെ സ്വന്തം വീടിൻറെ മേൽവിലാസത്തിലാണ്. ഈ റിപ്പോർട്ടിന്റെ യാഥാർത്ഥ്യം തേടി റിപ്പോർട്ടർ സംഘം മഞ്ചവിളാകത്തെത്തി. പെരുങ്കടവിള ഗ്രാമീൺ നിധി ലിമിറ്റഡിൽ പ്രവേശിച്ചപ്പോൾ ചെയർമാൻ കസേരയിലായിരുന്നു ജി അജയകുമാർ. ഒപ്പം സെക്രട്ടറി കെ എസ് സ്മിതയുമുണ്ടായിരുന്നു. റിപ്പോർട്ടർ ടിവിയിൽ നിന്നാണെന്ന് വ്യക്തമായതോടെ ഇരുവരും ആദ്യം പരിഭ്രമിച്ചെങ്കിലും ഈ സ്ഥാപനവുമായി ഒരു ബന്ധവുമില്ലെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമിച്ചത്.

ആറര വർഷത്തിനുള്ളിൽ 5.72 കോടി രൂപയുടെ ക്രമക്കേടാണ് പെരുങ്കടവിള സഹകരണ സംഘത്തിൽ നടന്നത്. ചിട്ടി അക്കൗണ്ടിൽ നിന്ന് 4.76 കോടി രൂപയും കാണാതായി. പ്രസിഡന്റും സെക്രട്ടറിയും പണം അപഹരിച്ചെന്നാണ് സഹകരണ അസിസ്റ്റൻറ് രജിസ്ട്രാറുടെ അന്വേഷണത്തിലെ കണ്ടെത്തൽ. നിയമങ്ങൾ കാറ്റിൽ പറത്തി സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന ഇത്തരക്കാർക്കെതിരെ സർക്കാർ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

Related Posts

Leave a Reply