കോട്ടയം: പുതുപ്പള്ളിയിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. പുതുപ്പള്ളിയിലെ ആവേശകരമായ കൊട്ടിക്കലാശം തികഞ്ഞ വിജയ പ്രതീക്ഷ നൽകുന്നുവെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പറഞ്ഞത്. ജനവിധിയിൽ വലിയ ആത്മവിശ്വാസം ഉണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും പ്രതികരിച്ചു. യുഡിഎഫിൻ്റെ സേഫ് സോൺ ഇടതു മുന്നണി ഇളക്കിയ ചരിത്രം ഇത്തവണയും പുതുപ്പള്ളിയിൽ ആവർത്തിക്കുമെന്നാണ് ജെയ്ക്ക് സി തോമസ് പറഞ്ഞത്. ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം സംബന്ധിച്ച് പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് വിവാദത്തിലും ജെയ്ക് പ്രതികരിച്ചു. ഓഡിയോ സൃഷ്ടിച്ചതാരെന്ന് കണ്ടെത്തണം. അത് പരിശോധിക്കുന്നതിന് വേണ്ട ശാസ്ത്രീയ തെളിവുകൾക്ക് നിയമപരമായ നടപടികളിലേക്ക് നീങ്ങിയ അനുഭവം നമുക്ക് മുന്നിലുണ്ടെന്നും ജെയ്ക് സി തോമസ് പറഞ്ഞു. എൽഡിഎഫ് ആണ് ഓഡിയോ ക്ലിപ്പിന് പിന്നിലെന്ന യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ്റെ ആരോപണത്തിനാണ് ജെയ്ക് മറുപടി നൽകിയത്. ഇന്നലെ ചാണ്ടി ഉമ്മൻ രാവിലെ പുതുപ്പള്ളി പള്ളിയിലും മണർകാട് പള്ളിയിലുമെത്തി പ്രാർത്ഥന നടത്തി. വലിയ ആത്മവിശ്വാസം ഉണ്ടെന്നും നേരിട്ട് കാണാൻ കഴിയാതിരുന്ന വോട്ടർമാരെ കണ്ട് വോട്ട് അഭ്യർത്ഥിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.