Kerala News

പി പി ദിവ്യയെ പൊതുവേദിയിൽ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി പി ദിവ്യയെ പൊതുവേദിയിൽ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. എഡിഎം നവീൻ ബാബുവിൻ്റെ മരണം അതീവ ദുഃഖകരമാണ്. ഇതുപോലെയുള്ള ദുരന്തം ഉണ്ടാകാതിരിക്കട്ടെയെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാം ജനസേവകരാണെന്ന അടിസ്ഥാന ബോധത്തിൽ കാര്യങ്ങൾ ചെയ്യണം. മാനുഷിക മുഖത്തോടുകൂടി സേവനങ്ങൾ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി പി ദിവ്യയെ സിപിഐഎം സംരക്ഷിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ വാ​ദങ്ങൾ നിലനിൽക്കെയാണ് പൊതുവേദിയിൽ പി പി ദിവ്യയെ തള്ളി മുഖ്യമന്ത്രി രം​ഗത്തെത്തിയിരിക്കുന്നത്. പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധവും ശക്തമാക്കിയിരിക്കുകയാണ്. പരാതി ലഭിച്ച് എട്ട് ദിവസമായിട്ടും പി പി ദിവ്യ ഒളിവിൽ തുടരുന്നതും പൊലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ വേ​ഗത്തിലാക്കാത്തതും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

യോ​ഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലാ കളക്ടർ രം​​ഗത്തെത്തിയിരുന്നു. യാത്രയയപ്പിന് മുമ്പ് ദിവ്യയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അവധി നൽകാതെ എഡിഎം നവീൻ ബാബുവിനെ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണം കളക്ടർ തള്ളുകയും ചെയ്തിരുന്നു.

 

നേരത്തെ പി പി ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു. നാളെയാണ് ഇനി മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുക. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. പി പി ദിവ്യയുടെ ഹർജിയിൽ കക്ഷി ചേരുമെന്ന് നവീൻ ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നവീൻ ബാബുവിന്റെ ഭാര്യ കോടതിയിൽ വക്കാലത്ത് നൽകിയിരുന്നു. മുൻകൂർ ജാമ്യഹർജിയിലുള്ള വാദം ബോധിപ്പിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്.

Related Posts

Leave a Reply