പിവി അൻവറിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധത്തിലേക്ക്. സംസ്ഥാനതല പ്രതിഷേധ പരിപാടിയുമായി കോൺഗ്രസ്. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തും.
യൂത്ത് കോൺഗ്രസും പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് എഡിജിപി അജിത്കുമാറിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തും. നാളെയും മറ്റന്നാളും എസ്പി ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കും. യൂത്ത് കോൺഗ്രസ് ഡിജിപി ഓഫീസിലേക്കും മാർച്ചും നടത്തും. എൽഡിഎഫിന്റെ തന്നെ എംഎൽഎ ഉന്നയിച്ച ആക്ഷേപങ്ങൾ കേരള പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ്. ആരോപണവിധേയരായ പൊളിറ്റിക്കൽ സെക്രട്ടറിയും എഡിജിപിയും മുഖ്യമന്ത്രിയുടെ വിശ്വസ്തരാണ്.സ്വന്തം ഓഫീസിലും വകുപ്പിനും കീഴെ നടക്കുന്ന വിധ്വംസക പ്രവർത്തനങ്ങളും തിരിച്ചറിയാനും നിയന്ത്രിക്കാനും മുഖമന്ത്രിക്ക് കഴിയുന്നില്ലെന്ന് കോൺഗ്രസ് വിമർശിച്ചു.
കേരള പോലീസിന്റെ പ്രവർത്തനം അധോലോക മാഫിയയുടേതിന് സമാനമാക്കി മാറ്റിയ മുഖ്യമന്ത്രിക്ക് ആ പദവിയിൽ തുടരാൻ യോഗ്യതയില്ല.ആരോപണങ്ങളിൽ സത്യസന്ധമായ അന്വേഷണം സാധ്യമാകണമെങ്കിൽ മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണെന്നും എം.ലിജു പറഞ്ഞു.