തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയില്‍ ആള്‍മാറാട്ടത്തിന് ശ്രമം നടത്തിയ സംഭവത്തില്‍ പരീക്ഷ എഴുതാനെത്തിയ ആള്‍ ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളിലാണ് ആള്‍മാറാട്ട ശ്രമം നടന്നത്. യൂണിവേഴ്‌സിറ്റി എല്‍ജിഎസ് പരീക്ഷക്കിടെയാണ് സംഭവം.
ഹാള്‍ടിക്കറ്റ് പരിശോധനയ്ക്കിടെ പരീക്ഷ എഴുതാനെത്തിയ ആള്‍ ഇറങ്ങി ഓടുകയായിരുന്നു. ഇയാള്‍ പരീക്ഷയ്ക്ക് എത്തിയതും രക്ഷപ്പെടുന്നതും അടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നേമം മേലാംകോട് സ്വദേശി അമല്‍ജിത്ത് എന്ന പേരിലാണ് പരീക്ഷ എഴുതാന്‍ എത്തിയത്. അറ്റന്റന്‍സ് രജിസ്റ്ററില്‍ ഒപ്പിട്ട ഇയാള്‍ ഡ്രൈവിങ് ലൈസന്‍സാണ് തിരിച്ചറിയല്‍ രേഖയായി ഹാജരാക്കിയത്.
പരീക്ഷാഹാളില്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ഒത്തുനോക്കിയുള്ള വെരിഫിക്കേഷനിടെ ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെയാണ് പരീക്ഷക്കെത്തിയ ആള്‍ ഇറങ്ങി ഓടിയത്. സംഭവത്തിന് പിന്നാലെ ആള്‍മാറാട്ടമെന്ന് സംശയിക്കുന്നതായി കാണിച്ച് അധികൃതര്‍ പൂജപ്പുര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
