പഴയകാല നാടക- സിനിമ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കയൊണ് അന്ത്യം സംഭവിച്ചത്. 81 വയസായിരുന്നു. കോഴിക്കോട് ഫറൂക്ക് കോളജിന് സമീപത്താണ് താമസിച്ചിരുന്നത്. കേരളം ഏറ്റുപാടിയ പച്ചപ്പനം തത്തേ ഉള്‍പ്പെടെയുള്ള പഴയകാല ഗാനങ്ങള്‍ പാടിയ പ്രതിഭയാണ് മച്ചാട്ട് വാസന്തി.
കമ്മ്യൂണിസ്റ്റ് അനുഭാവിയായ മച്ചാട്ട് കൃഷ്ണന്റെ മകളായ വാസന്തി തീരെ ചെറുപ്പത്തില്‍ വിപ്ലവ നാടകങ്ങളില്‍ പാട്ടുപാടിയാണ് സംഗീത രംഗത്തേക്ക് അരങ്ങേറുന്നത്. എം എസ് ബാബുരാജിന്റെ സംഘത്തിലെ പ്രധാന ഗായികയായി മാറിയതാണ് വാസന്തിയുടെ ജീവിതത്തിന്റെ വഴിത്തിരിവായത്. കല്ലായിയിലെ ബാബുരാജിന്റെ വീട്ടില്‍ കുറേക്കാലം സംഗീതം പഠിച്ചതോടെ വാസന്തിയുടെ കഴിവുകള്‍ക്ക് തിളക്കം വച്ചു. ഓളവും തീരവും എന്ന ചിത്രത്തില്‍ പി ഭാസ്കരന്-ബാബുരാജ് കൂട്ടുകെട്ടില്‍ പിറന്ന മണിമാരന്‍ തന്നത് എന്ന പാട്ടിലൂടെയാണ് സിനിമാ രംഗത്ത് വാസന്തി ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
ചില നാടകങ്ങളിലും സിനിമകളിലും ചെറിയ വേഷങ്ങളില്‍ വാസന്തി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കുറേക്കാലം സിനിമാ നാടക രംഗത്ത് സജീവമല്ലാതിരുന്ന വാസന്തി പിന്നീട് മീശമാധവനിലെ പത്തിരി ചുട്ടു വിളമ്പി എന്ന പാട്ടിനാണ് വര്‍ഷങ്ങള്‍ക്കുശേഷം ശബ്ദം കൊടുക്കുന്നത്. ഇതിനുശേഷം വടക്കുംനാഥന് എന്ന ചിത്രത്തിലും ഗാനം ആലപിച്ചു. കലാസാഗര്‍ മ്യൂസിക് ക്ലബ് സെക്രട്ടറിയായിരുന്ന പി കെ ബാലകൃഷ്ണനാണ് മച്ചാട്ട് വാസന്തിയുടെ ഭര്‍ത്താവ്.