കാസര്‍കോട്: പടന്നക്കാട് വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം. കാഞ്ഞങ്ങാട് ഡിവൈഎസ്പി വി വി ലതീഷാണ് അന്വേഷണ തലവന്‍. പ്രദേശവാസികളുടെ പങ്കും പൊലീസിന്റെ അന്വേഷണ പരിധിയിലാണ്. കുട്ടിയുടെ വീടും പരിസരവും അടുത്തറിയുന്ന ആള് പ്രതിയാവാന്‍ സാധ്യതയെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.
കൂടാതെ മറ്റ് സാധ്യതകളും പൊലീസ് പരിശോധിക്കും. കേസില്‍ പോക്സോ, തട്ടിക്കൊണ്ടു പോകല്‍ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. ഇന്നലെ പുലര്‍ച്ചെയാണ് വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയത്. കുട്ടിയുടെ കാതില്‍ കിടന്ന സ്വര്‍ണ കമ്മലുകള്‍ കവര്‍ന്ന ശേഷം കുട്ടിയെ ഉപേക്ഷിച്ച് തട്ടികൊണ്ടുപോയ ആള് രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് കുട്ടി പീഡനത്തിന് ഇരയായെന്ന വിവരം അറിയുന്നത്.
മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് പ്രതിയെന്നാണ് കുട്ടിയുടെ മൊഴി. ഒച്ചവച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ കട്ടിലില്‍ നിന്ന് എടുത്തുകൊണ്ട് പോവുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛന് പശുവിനെ കറക്കാന്‍ വീടിന്റെ മുന്‍ വാതില്‍ തുറന്ന് തൊഴുത്തില്‍ പോയ സമയത്താണ് പ്രതി വീടിനു അകത്ത് കയറിയത്.
