Kerala News

നെയ്യാറ്റിന്‍കരയില്‍ മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. നെയ്യാറ്റിന്‍കര ആലത്തൂര്‍ സ്വദേശി ഷൈലനെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

ആനാവൂരില്‍ പുതിയതായി തുടങ്ങുന്ന കമ്പനിക്ക് സമീപം മണ്ണെടുക്കുന്നതിനിടെയായിരുന്നു അപകടം. ഇവിടെ ജോലിക്കെത്തിയതായിരുന്നു ഷൈലന്‍. ഹിറ്റാച്ചി ഡ്രൈവര്‍ക്ക് വെള്ളം നല്‍കുന്നതിനിടെ മണ്ണിടിഞ്ഞ് ഷൈലന്‍ അടിയില്‍പ്പെടുകയായിരുന്നു. ഷൈജന്‍ മണ്ണിനടിയില്‍പ്പെട്ട ഉടന്‍ കൂടെയുണ്ടായിരുന്നവര്‍ ആനാവൂര്‍ പൊലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഒന്നര മണിക്കൂര്‍ ശ്രമിച്ച ശേഷമാണ് ഷൈലനെ പുറത്തെടുക്കാന്‍ കഴിഞ്ഞത്.

ഇടുപ്പിന് മുകളിലുള്ള ഭാഗം മണ്ണിനടിയില്‍ താഴ്ന്നിരുന്നു. താനും കൂടെയുണ്ടായിരുന്നവരും ഓടിവന്ന് നോക്കുമ്പോള്‍ മണ്ണിനടിയില്‍ ആളുണ്ടെന്ന് മനസിലായെന്ന് ഷൈലനൊപ്പം ഉണ്ടായിരുന്ന സുജിന്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സും പൊലീസും എത്തി പരിശോധിച്ചപ്പോള്‍ ആദ്യം കൈ പുറത്തുകണ്ടു. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഷൈലനെ പുറത്തെടുക്കുകയായിരുന്നുവെന്നും സുജിന്‍ പറഞ്ഞു. അപകടത്തില്‍ ഷൈലന്റെ വാരിയെല്ലിന് പൊട്ടലുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related Posts

Leave a Reply