Kerala News

നവീൻ ബാബുവിന് അന്ത്യയാത്ര നൽകാനൊരുങ്ങി ജന്മദേശം; സംസ്കാരം വീട്ടുവളപ്പിൽ

പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് അന്ത്യയാത്ര നല്‍കാനൊരുങ്ങി ജന്മദേശം. പത്തനംതിട്ട ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 10 മണിയോടെ പത്തനംതിട്ട കളക്ടറേറ്റിലേക്ക് എത്തിക്കും.തുടര്‍ന്ന് കളക്ടറേറ്റില്‍ പൊതുദര്‍ശനം നടക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ കളക്ടറേറ്റില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും. പിന്നീട് വിലാപയാത്രയായി മൃതദേഹം മലയാലപ്പുഴയിലെ വസതിയില്‍ എത്തിക്കും. ഇവിടെയും പൊതുദര്‍ശനം ഉണ്ടാകും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങ് നടക്കും.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു.

നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ദിവ്യക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് പ്രതിപക്ഷ സംഘനടകളില്‍ നിന്ന് ഉയരുന്നത്. അതിനിടെ നവീന്‍ ബാബുവിനെതിരായ കൈക്കൂലി പരാതിയില്‍ ദുരൂഹതയേറുകയാണ്. നവീനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തനും മറ്റൊരു സംരംഭകനും തമ്മിലുള്ള നിര്‍ണായ ശബ്ദരേഖ പുറത്തുവന്നു. പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പ്രകാരം ഒക്ടോബര്‍ ആറിന് കൈക്കൂലി നല്‍കി എന്നാണ് പറയുന്നത്.

എന്നാല്‍ ഒക്ടോബര്‍ ഏഴാം തീയതി രാത്രി 8.26 ന് മറ്റൊരു സംരംഭകനുമായി നടത്തുന്ന സംഭാഷണത്തില്‍ പ്രശാന്തന്‍ ഒരിടത്തും കൈക്കൂലിയെക്കുറിച്ച് പറയുന്നില്ല. നവീന്‍ ബാബുവിനെതിരായ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്റെ പരാതിയില്‍ ദുരൂഹതയുണ്ടെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് ആക്കം നല്‍കുന്നതാണ് ഫോണ്‍ സംഭാഷണം.

Related Posts

Leave a Reply