ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി കസേരയിൽ ഇരുന്ന ബിജെപി നേതാവിൽ നിന്നും വലിയ പതനത്തിലേക്കാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഈ തെരഞ്ഞെടുപ്പ്. 2013ൽ പാർട്ടിക്കുള്ളിൽ നരേന്ദ്ര മോദിക്ക് സമനായിരുന്ന ശിവരാജ് സിങ് ചൗഹാൻ ഇന്ന് പ്രധാന മന്ത്രിയുടെ നിഴലിലാണ്. മറ്റൊരുനേതാവും അനുഭവിച്ചിട്ടില്ലാത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ് ഈ തെരഞ്ഞെടുപ്പിൽ ശിവരാജ് സിങ് ചൗഹാൻ.
2013 ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാർഥിയായെത്തുമ്പോൾ പാർട്ടിക്കുള്ളിലെ ഏക പ്രതിയോഗിയായിരുന്നു ശിവരാജ് സിംഗ് ചൗഹാൻ. എൻഡിഎ ഘടക കക്ഷികളായിരുന്ന ജെഡിയുവിന്റെയും ശിവസേനയുടെയും പിന്തുണ ഉണ്ടായിട്ടും ശിവരാജ് സിങ് ചൗഹൻ ആ ശ്രമത്തിൽ പരാജയപ്പെട്ടു. ഗുജറാത്ത് മോഡൽ മറ്റെല്ലാ സംസ്ഥാനങ്ങളിലും ബിജെപി പ്രചരണമാക്കിയപ്പോൾ, 2013ൽ മധ്യപ്രദേശിന്റെ മാമ, സ്വന്തം മോഡലുമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ മോദി പ്രധാനമന്ത്രിയാകുകയും ജനപ്രീതി കുതിച്ചുയരുകയും ചെയ്തതോടെ ചൗഹാൻ പൂർണമായും കീഴടങ്ങി. 2018 ലെ പരാജയത്തോടെ അത് പൂർണ്ണമായി.
ഇത്തവണ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നു നേതാവിന്റെ പേര് ബിജെപി പ്രഖ്യാപിച്ചത് നാലാമത്തെ പട്ടികയിൽ. മൂന്ന് കേന്ദ്രമന്ത്രിമാരും ഒരു ദേശീയ ജനറൽ സെക്രട്ടറിയുമുൾപ്പെടെ ഏഴ് ലോക്സഭാംഗങ്ങൾ സ്ഥാനാർഥികൾ. പ്രചാരണ മുഖവും, മുദ്രാവാക്യവും മോദി മാത്രം. ശരീര ഭാഷയിൽ പോലും കേന്ദ്ര നേതാക്കളുടെ അപ്രീതിയും, ചൗഹാന്റെ അസ്വസ്ഥതയും പ്രകടമാണ്.
പ്രകടനപത്രികക്കോപ്പം തന്റെ പ്രോഗ്രസ് റിപ്പോർട്ടും നദ്ധയെകൊണ്ട് അവതരിപ്പിക്കാൻ കഴിഞ്ഞത് മാത്രമാണ് ഏക നേട്ടം.
മധ്യ പ്രദേശിൽ ഇത്തവണ ബിജെപി വിജയിച്ചാൽ, അടുത്ത മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം നിശ്ചയിക്കും. പരാജയമെങ്കിൽ ബലിയാടാകുക ശിവരാജ് സിങ് ചൗഹാൻ മാത്രമാകും.
