Entertainment Kerala News

നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം

നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം തുടരുകയാണ്. ആസിഫ് അലിക്ക് പിന്തുണയുമായി സിനിമ രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വടകര എം പി ഷാഫി പറമ്പിൽ. ആസിഫ് അലിയെ മലയാളിക്കിഷ്ടമാണ്, അഭിമാനമാണെന്നാണ് ഷാഫി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

ആസിഫ് അലിക്കൊപ്പമുള്ള ചിത്രവും ഷാഫി ഫേസ്ബുക്കിൽ പങ്കുവച്ചു. സംഭവത്തിൽ പരോക്ഷപ്രതികരണവുമായി നടനും സംവിധായകനുമായ നാദിർഷ രംഗത്തെത്തി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് നാദിർഷയുടെ പ്രതികരണം. ‘സംഗീതബോധം മാത്രം പോരാ അമ്പാനേ, അല്പം സാമാന്യബോധം കൂടി വേണം’ എന്ന് നാദിർഷ കുറിച്ചു.

നിരവധിയാളുകളാണ് പോസ്റ്റിനെ പിന്തുണച്ചുകൊണ്ട് എത്തുന്നത്. കൂടാതെ ആസിഫ് അലിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമ പശ്ചാത്തലമില്ലാതെ, പരിമിതികൾ ഏറെയുണ്ടായിട്ടും കഠിനാദ്ധ്വാനത്തിലൂടെ ഒന്നരപ്പതിറ്റാണ്ടായി നിലനില്ക്കുന്ന ഒരു നടനെ ‘സീനിയോറിറ്റി കോംപ്ലക്സിലൂടെ’ റദ്ദ് ചെയ്യാൻ ശ്രമിച്ചാൽ ഇല്ലാതെയാകില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇത്തരമൊരു സംഭവം ഉണ്ടായിട്ടും വേദിയില്‍ പ്രതികരിക്കാതിരുന്നവരെയും രാഹുൽ പരിഹസിച്ചു. ‌ഒരു മനുഷ്യൻ പരസ്യമായി അപമാനിക്കപ്പെട്ടിട്ടും ഒരു വാക്ക് കൊണ്ട് പോലും എതിർക്കാതെ ആ അല്പത്തരത്തെ ആസ്വദിച്ച ആ കൂട്ടത്തിലുണ്ടായിരുന്നവർ സരോജിനെ പ്രോത്സാഹിപ്പിച്ച പച്ചാളം ഭാസിക്കൊരു വെല്ലുവിളിയാണെന്നായിരുന്നു യൂത്ത് കോൺ​ഗ്രസ് അധ്യക്ഷന്റെ പരിഹാസം.

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്.

എന്നാൽ ആസിഫ് അലിയിൽനിന്ന് രമേശ് നാരായണൻ പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. അതേസമയം, സംഭവത്തിൽ വിശദീകരണവുമായി രമേശ് നാരായണനും എത്തി. ആസിഫ് അലിയെ ഞാന്‍ അപമാനിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും രമേശ് നാരായണൻ പറഞ്ഞു.

Related Posts

Leave a Reply