ബംഗളൂരു: തിരക്കേറിയ റോഡില്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്ത സ്കൂട്ടറില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിനെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് നിര്‍ദേശം. വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലായതിന് പിന്നാലെയാണ് ബംഗളൂരു പൊലീസിന്റെ നിര്‍ദേശം. മാര്‍ച്ച് 13ന് ഹെസൂർ ദേശീയപാതയിലായിരുന്നു സംഭവം. തേര്‍ഡ് ഐ എന്ന എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിച്ചത്.
നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്ത സ്കൂട്ടറില്‍ യുവാവ് അഭ്യാസം കാണിക്കുന്നതും പിന്നാലെ മറ്റൊരു സ്കൂട്ടറില്‍ സഞ്ചരിക്കുന്ന യുവാക്കളുടെ സംഘം ഇത് ചിത്രീകരിക്കുന്നതുമാണ് വീഡിയോ. ഹെസൂര്‍ ദേശീയപാതയില്‍ ചന്ദപുര ജംഗ്ഷനില്‍ രാവിലെ 9.50നാണ് സംഭവമെന്ന് തേര്‍ഡ് ഐ എക്സ് പോസ്റ്റില്‍ പറയുന്നു. AP 39 EC 1411 എന്ന നമ്പറിലുള്ള സ്കൂട്ടറില്‍ സഞ്ചരിച്ചവരാണ് വീഡിയോ ചിത്രീകരിച്ചതെന്നും വീഡിയോയില്‍ വ്യക്തമാണ്. ഈ സ്കൂട്ടറിലും മൂന്നുപേരാണ് സഞ്ചരിക്കുന്നത്.
വീഡിയോ വൈറലായതോടെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മറ്റുള്ളവരുടെ ജീവന് പോലും ഇത്തരം അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നവര്‍ ഭീഷണിയാണെന്നും ഇരുചക്രവാഹനങ്ങളില്‍ അഭ്യാസം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന ആവശ്യം. റോഡ് നിയമങ്ങള്‍ക്ക് പുല്ല് വില കല്‍പ്പിക്കുന്ന ഇത്തരക്കാരുടെ ലൈസന്‍സ് അടക്കം റദ്ദ് ചെയ്യണമെന്ന് മറ്റൊരു എക്സ് അക്കൗണ്ട് ഉടമ ആവശ്യപ്പെട്ടു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ബംഗളൂരു ട്രാഫിക് പൊലീസും ബംഗളൂരു റൂറല്‍ എസ്പിയും ആണ് യുവാവിനെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടത്. യുവാവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇയാളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.











