നടി മീര വാസുദേവും ക്യാമറാമാന് വിപിന്‍ പുതിയങ്കവും വിവാഹിതരായി. കോയമ്പത്തൂരില്‍ വച്ചുനടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ മീര തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. പാലക്കാട് ആലത്തൂര്‍ സ്വദേശിയായ വിപിന്‍ പുതിയങ്കം സിനിമ, ടെലിവിഷന്‍ രംഗത്ത് തന്നെയാണ് ക്യാമറാമാനായി പ്രവര്‍ത്തിക്കുന്നത്. മീര പ്രധാന വേഷത്തിലെത്തിയ സീരിയലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് വിപിന്‍.
2019 മെയ് മുതല്‍ മീര വാസുദേവും വിപിനും ഒരേ പ്രൊജക്ടില്‍ ഒന്നിച്ചുപ്രവര്ത്തിച്ചുവരികയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സൗഹൃദമുണ്ട്. ഒടുവില്‍ അത് വിവാഹത്തിലേക്കെത്തി. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുബാംഗങ്ങളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നത്.- മീര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മീരയുടെ മൂന്നാം വിവാഹമാണിത്. വിശാല്‍ അഗര്‍വാളുമായി 2005ല്‍ ആദ്യവിവാഹം. 2010 ജൂലൈയില്‍ ഈ ബന്ധം വേര്‍പെടുത്തി. 2012ല്‍ നടന് ജോണ്‍ കൊക്കനെ വിവാഹം കഴിച്ചു. ഇതില്‍ ഒരു മകനുണ്ട്. ഈ ബന്ധം 2016ലാണ് പിരിഞ്ഞത്.
2003 ലാണ് മീര സിനിമയിലേക്ക് എത്തുന്നത്. പ്യാര് കാ സൂപ്പര്‍ ഹിറ്റ് ഫോര്‍മുല എന്ന ഹിന്ദി ചിത്രത്തില്‍ നായികയായിക്കൊണ്ടായിരുന്നു തുടക്കം.
ആ വര്‍ഷം തന്നെ ഉന്നൈ സരണടയിന്‍ന്തേന്‍ എന്ന തമിഴ് ചിത്രത്തിലും ഗോല്‍മാല്‍ എന്ന തെലുങ്കു ചിത്രത്തിലും നായികയായി അഭിനയിച്ചു. ഉന്നൈ സരണടയിന്‍ന്തേന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള തമിഴ്നാട് സര്‍ക്കാരിന്റെ സ്പെഷല്‍ ജൂറി അവാര്‍ഡ് ലഭിച്ചു. 2005ല്‍ തന്മാത്ര എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായാണ് മീര മലയാളത്തിലെത്തുന്നത്.ഓര്‍ക്കുക വല്ലപ്പോഴും, ഗുല്‍മോഹര്‍, 916 എന്നിവയുള്‍പ്പെടെ ഇരുപതിലധികം മലയാള ചിത്രങ്ങളിലും നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മീര വാസുദേവ് അഭിനയിച്ചിട്ടുണ്ട്.
