കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ ഹൈക്കോടതി ജഡ്ജിനെതിരെ ഗുരുതര ആരോപണം. ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ജസ്റ്റിസ് പേഴ്സണല്‍ കസ്റ്റഡിയില്‍ വെച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. മെമ്മറി കാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഒരു വര്‍ഷത്തിലേറെ നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. മെമ്മറി കാര്‍ഡ് സീല്‍ ചെയ്ത കവറില്‍ സൂഷിക്കണമെന്നാണ് നിയമം എന്നിരിക്കെയാണ് ജഡ്ജിന്റെ ഭാഗത്തുനിന്ന് തന്നെ ഗുരുതര വീഴ്ച വന്നിരിക്കുന്നത്. കോടതി ജീവനക്കാരുടെ മൊഴിയില്‍ ജസ്റ്റിസിനെതിരെ ഗുരുതര പരാമര്‍ശമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ബെഞ്ച് ക്ലാര്‍ക്ക് മഹേഷ് മോഹന്റേയും പ്രോപ്പര്‍ട്ടി ക്ലാര്‍ക്ക് ജിഷാദിന്റേതുമാണ് മൊഴി.
മഹേഷ് നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് പരിശോധിച്ചത് ജസ്റ്റിസ്സിന്റെ നിര്‍ദ്ദേശ പ്രകാരമെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വന്തം മൊബൈല്‍ ഫോണിലാണ് മഹേഷ് മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി ഉപയോഗിച്ചത്. 2018 ഡിസംബര്‍ 13ന് രാത്രി 10.58ന് വീട്ടില്‍ വെച്ചാണ് മഹേഷ് മെമ്മറി കാര്‍ഡ് ഉപയോഗിച്ചത്. മെമ്മറി കാര്‍ഡ് പരിശോധിച്ച മൈക്രോമാക്സ് ഫോണ്‍ നഷ്ടമായെന്ന് മഹേഷ് മൊഴി നൽകിയിട്ടുണ്ട്. അതേസമയം, അന്വേഷണത്തിൽ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ വിശദീകരണം തേടിയില്ലെന്ന് വിമര്‍ശനം ഉയർന്നിട്ടുണ്ട്. ജഡ്ജ് ഹണി എം വര്‍ഗ്ഗീസ് ആണ് അന്വേഷണ റിപ്പോർട്ട് സമര്‍പ്പിച്ചത്. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ് ഉള്‍പ്പടെ മൂന്ന് പേരാണ് നിയമ വിരുദ്ധമായി ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജി കെ ബാബു അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും..
മെമ്മറി കാര്‍ഡ് ഉള്‍പ്പടെ തെളിവുകള്‍ സീല്‍ ചെയ്ത കവറില്‍ കോടതി ചെസ്റ്റില്‍ സൂക്ഷിക്കണമെന്നതാണ് നിയമം. ഓപ്പണ്‍ കോടതിയില്‍ വിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തില്‍ മാത്രമെ ഇത് പരിശോധിക്കാന്‍ പാടുള്ളൂ എന്നും നിയമം അനുശാസിക്കുന്നു. പക്ഷേ ഈ നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് കോടതികളില്‍ പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിച്ചത്.