തൃശൂർ: ബസ് ചാർജ് കുറവാണെന്ന് പറഞ്ഞ് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടക്ടർ പാതിവഴിയിൽ ഇറക്കി വിട്ടതായി പരാതി. പഴമ്പാലക്കോട് എസ്എംഎം ഹയർസെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയെയാണ് വഴിയിൽ ഇടക്കിവിട്ടത്. അഞ്ച് രൂപ വേണ്ട സ്ഥാനത്ത് കുട്ടിയുടെ കൈവശം രണ്ട് രൂപയാണുണ്ടായിരുന്നത്.
രണ്ട് രൂപ വാങ്ങിയശേഷം വീടിന് രണ്ടു കിലോമീറ്റർ മുന്നിലുള്ള സ്റ്റോപ്പിൽ കുട്ടിയെ ഇറക്കി വിടുകയായിരുന്നു. വിദ്യാർഥിനിക്ക് തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു പോകേണ്ടിയിരുന്നത്. പക്ഷേ അവിടെയെത്തുന്നതിന് മുമ്പേ കണ്ടക്ടർ കുട്ടിയെ ഇറക്കിവിട്ടു.
തുടർന്ന് വഴിയിൽ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്. സംഭവത്തെ തുടർന്ന് ഒറ്റപ്പാലം റൂട്ടിൽ ഓടുന്ന അരുണ ബസിനെതിരെ വിദ്യാർഥിനിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. ബസിനെതിരെ വലിയ ജനരോഷമാണുയരുന്നത്.
