Kerala News

തൃശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ കനത്ത പരാജയത്തിൽ പ്രതികരിച്ച്; പത്മജ വേണു​ഗോപാൽ.


തൃശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ കനത്ത പരാജയത്തിൽ പ്രതികരിച്ച് സഹോദരിയും ബിജെപി നേതാവുമായ പത്മജ വേണു​ഗോപാൽ. ബിജെപിയിലേക്കെന്ന തന്റെ തീരുമാനം തെറ്റിയില്ലെന്ന് തെളിഞ്ഞെന്നും മത്സരിക്കുന്നതിന് മുൻപ് തന്നെ കെ മുരളീധരന് മുന്നറിയിപ്പ് നൽകിയിരുന്നെന്നും പത്മജ മാധ്യമങ്ങളോട് പറഞ്ഞു. ദയനീയമായ പരാജയമാണ് സ്വന്തം നാട്ടിൽ മുരളീധരന് ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തെ കുഴിയിൽ ചാടിച്ചവരുടെ പേരുകൾ ഡിസിസി ഓഫിസിനുമുന്നിൽ ആളുകൾ എഴുതിവച്ചിട്ടുണ്ട്. സുരേഷ് ​ഗോപിയ്ക്ക് തൃശൂരുമായി രാഷ്ട്രീയത്തിന് അപ്പുറത്ത് ബന്ധമുണ്ടെന്നും പത്മജ മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യത്തെ താമര തൃശൂരിൽ വിരിയുമെന്ന് താൻ പറഞ്ഞിരുന്നു. അത് സംഭവിച്ചു. ഇനിയും വരും വർഷങ്ങളിൽ കൂടുതൽ താമരകൾ കേരളത്തിൽ വിരിയുമെന്നും പത്മജ കൂട്ടിച്ചേർത്തു. താമര ചെളിയിൽ വിരിഞ്ഞെന്ന് പറഞ്ഞ് കളിയാക്കിയാലും ചെളിയെ നമ്മൾ മനസിലാക്കുന്നത് പോലും താമരയുടെ സൗന്ദര്യം കൊണ്ടാണെന്ന് പത്മജ തിരിച്ചടിയ്ക്കുന്നു. തൃശൂരിലെ ജനങ്ങൾക്ക് നല്ല ബുദ്ധിയുണ്ട്. എനിക്ക് കയ്പ്പേറിയ അനുഭവങ്ങൾ തൃശൂരിൽ നിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും വലിയ ആത്മബന്ധം കൂടിയുള്ള സ്ഥലമാണ് തൃശൂർ. സ്വന്തം നാട്ടിൽ വല്ലാതെ പരാജയപ്പെട്ട്, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിൽ മുരളീധരനുള്ള വേദന എനിക്ക് മനസിലാകും. ആ വേദന കൊണ്ടാകാം അദ്ദേഹം ഇന്നലെ അങ്ങനെ പ്രതികരിച്ചതെന്നും പത്മജ കൂട്ടിച്ചേർത്തു.

ജാതി രാഷ്ട്രീയവും വെറുപ്പിന്റെ രാഷ്ട്രീയവും കളിക്കുന്നത് കോൺ​ഗ്രസാണെന്ന് പത്മജ വിമർശിക്കുന്നു. തൃശൂരിൽ ആര് മത്സരിക്കണമെന്നും എങ്ങനെ പ്രവർത്തിക്കണമെന്നുമൊക്കെ തീരുമാനിക്കുന്നത് പാർട്ടിയിലെ ഒരു വിഭാ​ഗമാണ്. മറ്റ് പാർട്ടികൾക്ക് വോട്ടുവിഹിതം കുറയുമ്പോഴും കേരളത്തിൽ ബിജെപിയ്ക്ക് വോട്ടുവിഹിതം ഓരോ തവണയും കൂടി വരികയാണെന്നും പത്മജ ചൂണ്ടിക്കാട്ടി.

Related Posts

Leave a Reply