Kerala News

തൃപ്പൂണിത്തുറയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദിന്റെ കുടുംബം ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

കൊച്ചി: തൃപ്പൂണിത്തുറയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദിന്റെ കുടുംബം ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. റാഗിങ് നടന്നു എന്ന പരാതിയില്‍ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. കുട്ടി പഠിച്ച ഗ്ലോബല്‍ പബ്ലിക് ഇന്റര്‍നാഷണല്‍ സ്‌കൂളിലും പൊലീസിന്റെ പരിശോധന ഉണ്ടാകും. മിഹിറിന്റെ മരണത്തില്‍ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടിരുന്നു. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും ഇരുമ്പനം സ്വദേശിയുമായ മിഹിര്‍ അഹമ്മദ് കെട്ടിടത്തിന്റെ 26-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. മിഹിര്‍ അതിക്രൂരമായ റാഗിങ്ങിന് ഇരയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നല്‍കിയതോടെയാണ് സംഭവം സമൂഹ ശ്രദ്ധനേടിയത്. മിഹിറിന്റെ മരണത്തിന് പിന്നിലെ കാരണം ആദ്യം മനസിലായിരുന്നില്ലെന്നും ഇതേപ്പറ്റി വിശദമായി പരിശോധിച്ചപ്പോഴാണ് കാരണം വ്യക്തമായതെന്നും അമ്മ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. സ്‌കൂള്‍ ബസില്‍വെച്ച് അതിക്രൂരമായ പീഡനം മിഹിറിന് നേരിടേണ്ടിവന്നതായി അമ്മ പരാതിയില്‍ പറഞ്ഞിരുന്നു. ക്ലോസെറ്റില്‍ തല പൂഴ്ത്തിവെച്ചും ഫ്‌ളഷ് ചെയ്തും പീഡനമുറ അതിക്രൂരംമായി. ഇതിന് പുറമേ ടോയ്‌ലറ്റില്‍ നക്കിച്ചു. പീഡനം അസഹനീയമായപ്പോഴാണ് മിഹിര്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും ഇനി ഇത്തരത്തിലൊരനുഭവം ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും അമ്മ പറഞ്ഞിരുന്നു. ക്രൂര പീഡനത്തിന് പുറമേ മിഹിറിന്റെ മരണം വിദ്യാര്‍ത്ഥി സംഘം ആഘോഷമാക്കിയതായും കുടുംബം ആരോപിച്ചിരുന്നു.

അമ്മയുടെ പരാതി സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചതോടെ മിഹിറിന് നീതി തേടി നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. മിഹിറിന്റെ മരണം ഞെട്ടിക്കുന്നതെന്ന് പറഞ്ഞായിരുന്നു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് നിര്‍ദേശിച്ചത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും മിഹിറിന്റെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. സിനിമാ താരങ്ങളായ പൃഥ്വിരാജ്, സാമന്ത അടക്കമുള്ളവര്‍ വിഷയത്തില്‍ പ്രതികരിച്ചു. എസ്എഫ്‌ഐ, കെഎസ്‌യു അടക്കമുള്ള സംഘടനകളും വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.

Related Posts

Leave a Reply