Kerala News

തുംഗഭദ്ര ദുഃസൂചനയോ? മുല്ലപ്പെരിയാറിൽ ആശങ്കയേറുന്നു!

കർണാടക കൊപ്പൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന തുംഗഭദ്ര അണക്കെട്ടിലെ അപകടം സംബന്ധിച്ച വാർത്തകൾ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയെക്കുറിച്ചും ആശങ്കകൾ വർധിപ്പിച്ചിരിക്കുകയാണ്. വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മുല്ലപ്പെരിയാർ വീണ്ടും ചർച്ച വിഷയമായി മാറിയിരിക്കെയാണ് തുംഗഭദ്ര അണക്കെട്ടിലെ അപകടം. രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ തുംഗഭദ്രയുടെ ഗേറ്റ് തകർന്നത് മേഖലയിലാകെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനെത്തുടർന്ന് ഡാമിൽ നിന്ന് വൻതോതിലാണ് വെള്ളം പുറത്തേക്ക് ഒഴുകിയത്.

ആകെ 33 ഗേറ്റുകളാണ് തും​ഗഭദ്രയ്ക്ക് ഉള്ളത്. ഡാമിന്റെ 19-ാമത്തെ ഗേറ്റിൻ്റെ ചങ്ങലയാണ് കഴിഞ്ഞദിവസം പൊട്ടി വീണത്. ഡാം തകരുമെന്ന ഭീഷണി ഒഴിവാക്കാനായി ഡാമിന്റെ 33 ഗേറ്റുകളും തുറന്നിരിക്കുകയാണ്. മുല്ലപ്പെരിയാർ കഴിഞ്ഞാലുള്ള വലിയ സുർക്കി അണക്കെട്ടാണ് തും​ഗഭ​​ദ്ര. ഈ അണക്കെട്ടുകൾ രണ്ടും നിർമ്മിച്ചിരിക്കുന്നത് സുർക്കി മോർട്ടാർ ഉപയോഗിച്ചാണ്, ചെളിയും ചുണ്ണാമ്പുകല്ലും ചേർന്നമിശ്രിതമാണ് നിർമ്മാണ സമയത്ത് ഉപയോഗിച്ചിരുന്നത്. ശർക്കരയും കരിമ്പിൻ നീരും മുട്ടവെള്ളയും ചേർത്ത് തയ്യാറാക്കിയ സുർക്കി ചാന്തിൽ കരിങ്കലിൽ കെട്ടിയുണ്ടാക്കിയതാണ് മുല്ലപ്പെരിയാറിന്റെ അടിത്തറ.

സുർക്കി കൊണ്ട് നിർമ്മിച്ച ഡാമുകൾക്ക് ഉറപ്പ് കൂടുതലാണെന്ന പറയുമ്പോഴും 2016 ൽ മഹാരാഷ്ട്രയിലെ മഹാഡിൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച പാലം ഒലിച്ചുപോയിരുന്നു. 88 വർഷം പഴക്കമുള്ള പാലമാണ് അന്ന് ഒലിച്ചു പോയത്. ഇതിന് ശേഷമാണ് സുർക്കി നിർമ്മിത ഡാമുകളിലൊന്നായ തും​ഗഭ​ദ്ര അപകട ഭീഷണി ഉയർത്തിയിരിക്കുന്നത്. കർണാടകയിൽ അപകടഭീഷണി ഉയർത്തിയത് തും​ഗഭ​ദ്രയാണെങ്കിൽ കേരളത്തിൽ ഭീതി പരത്തുന്നത് മുല്ലപ്പെരിയാറാണ്. ഡാമിന്റെ സുരക്ഷ സംബന്ധിച്ച് ഇപ്പോഴും ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

കർണാടകയിലെ ഡാമിന്റെ ഷട്ടറുകളെ ബാധിച്ച തകർച്ച കേരളത്തിന് ഒരു ദുഃസൂചനയാണോ മുന്നറിയിപ്പാണോ? കേരളത്തിന്റെ ജലബോംബായ മുല്ലപ്പെരിയാർ ഡാമിന്റെയും തുംഗഭദ്ര ഡാമിന്റെയും സമാനതകൾ തന്നെയാണ് അങ്ങനെ പറയാനുള്ള കാരണവും. കാലപ്പഴക്കം തുംഗഭദ്ര അണക്കെട്ടിന്റെ ഷട്ടറുകളെ ബലഹീനമാക്കിയപ്പോൾ കർണാടകയിലെ 4 ജില്ലകൾ ആശങ്കപ്പെടുമ്പോൾ ഇതിലും വലിയ ദുരന്ത സാഹചര്യമാണ് കേരളം അഭിമുഖീകരിക്കേണ്ടിവരിക. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തിപ്രാപിക്കുമ്പോൾ മുല്ലപ്പെരിയാർ എല്ലാവരിലും ഉണ്ടാക്കുന്ന ഭീതി അത് വളരെ വലുതാണ്.

Related Posts

Leave a Reply