തിരുവനന്തപുരം: മണമ്പൂരില്‍ ഓട്ടോ തൊഴിലാളിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. ശങ്കരന്‍മുക്ക് സ്വദേശി ബൈജുവിന്റെ മരണം മര്‍ദ്ദനമേറ്റത് മൂലമെന്നാണ് പരാതി. ബൈജുവിനെ കഴിഞ്ഞ ദിവസം രാത്രി അവശനിലയില്‍ വീട്ടു പരിസരത്ത് ഉപേക്ഷിച്ച് ചിലര്‍ രക്ഷപെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കടയ്ക്കാവൂര്‍ പൊലീസിന് പരാതി നല്കി.
തിങ്കളാഴ്ച രാവിലെയോടെയാണ് ബൈജുവിനെ വീട്ടു പരിസരത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ രംഗത്തെത്തിയത്.
അവശനായ ബൈജുവിനെ ഇന്നലെ രാത്രി 11.45 ന് വീട്ടു പരിസരത്ത് ചിലര്‍ ഉപേക്ഷിച്ചു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബൈജുവിന്റെ സഹോദരന്റെയും നാട്ടുകാരുടെയും ആരോപണം. ശരീരത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബൈജു ഒറ്റയ്ക്കാണ് താമസം. ബൈജുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് കടക്കുക.