തിരുവനന്തപുരം : സ്കൂട്ടറിന്റെ പുറകിൽ സഞ്ചരിക്കവെ റോഡിലേക്ക് തെറിച്ചു വീണ വീട്ടമ്മ മരിച്ചു. കോവളം ലീലാ റാവിസ് ഹോട്ടലിലെ ജീവനക്കാരിയായ വിഴിഞ്ഞം മുക്കോല ബാബു സദനത്തിൽ സുശീല (60) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം. ഹോട്ടലിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി സുഹൃത്തിന്റെ സ്കൂട്ടറിന്റെ പുറകിൽ ഇരുന്ന് സഞ്ചരിക്കവെ ബീച്ച് റോഡിൽ നിന്നും കോവളം ജംഗ്ഷനിലേക്ക് വരുന്നതിനിടയിൽ പ്ലാവിളക്ക് സമീപത്തു വെച്ച് മഴ പെയ്തതിനെ തുടർന്ന് കൈയിൽ ഉണ്ടായിരുന്ന കുട നിവർത്തിയപ്പോൾ കാറ്റ് കാരണം റോഡിൽ തലയടിച്ചു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ സുശീലയെ ഉടൻ വിഴിഞ്ഞം സാമൂഹികാരോഗ്യത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ ബാബുവാണ് ഭർത്താവ്. വിദ്യ, വൃന്ദ , വിനീഷ് എന്നിവർ മക്കളും ജയപ്രകാശ്, ജിജികുമാർ, സോഫിയ എന്നിവർ മരുമക്കളുമാണ്. മൃതദേഹം
പോസ്റ്റ്മാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
