തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം പൂർത്തിയായതായി ധനവകുപ്പ്. സാധാരണഗതിയിൽ മൂന്ന് ദിവസം കൊണ്ട് പൂർത്തിയാകുന്ന ശമ്പള വിതരണം ഈ മാസം ആറാം ദിവസമാണു പൂർത്തിയാക്കാനായത്. അതേസമയം ട്രഷറി നിയന്ത്രണം തുടരുമെന്നാണ് സൂചന. ഈ മാസം ഒന്നിനു ട്രഷറി ഓവർ ഡ്രാഫ്റ്റ് കാലയളവു പിന്നിട്ടതോടെ കേന്ദ്രത്തിൽ നിന്നു നികുതി വിഹിതമായി കിട്ടിയ 2,736 കോടി രൂപയും ഐജിഎസ്‌ടിയുടെ സെറ്റിൽമെന്റായി കിട്ടിയ 1,386 കോടി രൂപയും റിസർവ് ബാങ്കിലേക്കു തിരിച്ചടയ്ക്കാൻ ഉപയോഗിച്ചിരുന്നു. ഇതാണു സംസ്ഥാനത്ത് ശമ്പള വിതരണം പ്രതിസന്ധിയിലാക്കിയത്.
