Kerala News

തിരുവനന്തപുരം: വർക്കലയിൽ ഫ്രഞ്ച് വനിതയെ ആക്രമിച്ച കേസില്‍ യുവാവ് പിടിയില്‍

തിരുവനന്തപുരം: വർക്കലയിൽ ഫ്രഞ്ച് വനിതയെ ആക്രമിച്ച കേസില്‍ യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരാഴ്ചക്കിടെ വര്‍ക്കലയില്‍ മാത്രം വിനോദ സഞ്ചാരികളെ ആക്രമിച്ച വിവിധ കേസുകളിലായി നാലു പേരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ഫ്രാന്‍സില്‍ നിന്നും വര്‍ക്കലയിലെത്തിയ വയോധികയ്ക്ക് നേരെയായിരുന്നു യുവാവിന്‍റെ അതിക്രമം. 

വർക്കല പാപനാശം ബീച്ചിൽ നിന്നും ക്ലിഫ് കുന്നിലേക്കുള്ള ഇടുങ്ങിയ വഴിയിൽ വച്ചാണ് 63 കാരിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. പ്രതിയായ ജിഷ്ണു ഫ്രഞ്ച് വനിതയോടൊപ്പം മൊബൈൽ ഫോണിൽ സെൽഫി എടുക്കണമെന്നുള്ള ആവശ്യവുമായാണ് എത്തിയത്. തുടര്‍ന്ന് ജിഷ്ണു ഇവരെ കടന്നു പിടിച്ചു. വയോധിക ഭയന്നു നിലവിളിച്ചു കുതറിമാറിയോടിയതോടെ പ്രതിയും ഓടി രക്ഷപ്പെട്ടു.

ഫ്രഞ്ച് വനിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വര്‍ക്കല പോലീസ് അന്വേഷണം ആരംഭിച്ചു. നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ പ്രതി വര്‍ക്കലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ ആണെന്ന് തിരിച്ചറിഞ്ഞു. ക്ലിഫ് മേഖലയിൽ പ്രവർത്തിക്കുന്ന റിസോർട്ട് ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലേയും ജീവനക്കാരുടെ ഫോട്ടോ പോലീസ് ശേഖരിച്ചു. അതിൽ നിന്നും പ്രതിയെ ഫ്രഞ്ച് വനിത തിരിച്ചറിഞ്ഞു. സമീപത്തെ സ്പാ ജീവനക്കാരനായ ജിഷ്ണുവിനെ സ്ഥാപനത്തിലെത്തി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇന്നലെ വർക്കലയിൽ റഷ്യൻ വനിതയെയും ഹൈദരാബാദില്‍ നിന്നെത്തിയ യുവതിയെയും അക്രമിച്ച കേസില്‍ മറ്റു മൂന്നു പ്രതികള്‍ പിടിയിലായിരുന്നു.

Related Posts

Leave a Reply