Kerala News

താൻ എപ്പോഴും പലസ്തീനൊപ്പം, ഇസ്രയേലിന് അനുകൂലമായി ഒന്നും പറഞ്ഞിട്ടില്ല; ശശി തരൂർ

താൻ എപ്പോഴും പലസ്തീനൊപ്പമാണെന്നും ഇസ്രയേലിന് അനുകൂലമായി ഒന്നും പറഞ്ഞിട്ടില്ലെന്നും കോൺ​ഗ്രസ് നേതാവ് ശശി തരൂർ. തന്റെ പ്രസംഗം ചിലർ വ്യാഖ്യാനിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അന്നത്തെ പ്രസംഗം പൂർണമായും യൂട്യൂബിൽ ഉണ്ട്. സംശയം ഉള്ളവർക്ക് പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ ദുരന്തമാണ് നടന്നത്. 45 ദിവസം കൊണ്ടാണ് ഇത്രയും അധികം ആളുകൾ മരിച്ചത്. എന്തൊക്കെ ആണ് ഗാസയിൽ നടക്കുന്നതെന്ന് പൂർണമായും അറിയില്ല. മാധ്യമ പ്രവർത്തകർക്ക് പോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. സംഘർഷം സമാധാനത്തോടെ അവസാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പലസ്തിൻ ജനതക്കൊപ്പമാണ് നാം എന്ന് വീണ്ടും തെളിയിക്കുന്നതാണ് ഇന്നത്തെ റാലിയെന്നും കോൺഗ്രസ് – ലീഗ് ബന്ധം ശക്തമായി മുന്നോട്ട് പോകുകയാണെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു. കോൺ​ഗ്രസിന്റെ പലസ്തീൻ ഐക്യ​ദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിളികളും ഉൾവിളികളും ഉണ്ടാകും. മുന്നണി ബന്ധം എന്നത് ഒരു നിലപാടാണ്. മനുഷ്വത്വ രഹിതമായ നിലപാടാണ് ഇസ്രയേൽ പലസ്തീനോട് കാണിക്കുന്നത്. കോൺഗ്രസിന് നല്ലൊരു റാലി നടത്താൻ സാധിച്ചു. വെടിനിർത്തൽ വന്നത് ആശ്വസമാണ്. അന്താരാഷ്ട്ര സമൂഹം ഒന്നിച്ചിരുന്ന് പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകളായി കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടാണ് ഇന്നത്തെ പലസ്തീൻ ഐക്യ​ദാർഢ്യ റാലിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ചിലർക്ക് കോഴിക്കോട് വന്നപ്പോൾ കോൺഗ്രസിനെ കുറിച്ച് സംശയമാണെന്ന് സിപിഐഎമ്മിനെ ഉന്നം വെച്ച് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രം ഒന്ന് പരിശോധിക്കണം. ചരിത്രം എണ്ണി പറഞ്ഞുകൊണ്ടാണ് സി പി ഐ എമ്മിന് സതീശൻ മറുപടി നൽകിയത്.

ലീഗ് നിലപാടുകളിൽ ഉറച്ച് നിൽക്കുകയാണെന്നും അവർ ആരുടെയും കെണിയിൽ വീണില്ലെന്നും എഐസിസി ജന. സെക്രട്ടറി കെ.സി വേണു​ഗോപാൽ പറഞ്ഞു. പലസ്തീന് ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ട് മറ്റ് പല രാജ്യങ്ങൾക്ക് മുന്നിലും അടിയറവ് പറയുന്നതല്ല കോൺഗ്രസ് നിലപാട്. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീർ കാണണം എന്നതാണ് ചിലരുടെ നിലപാടെന്നും അദ്ദേഹം പരിഹസിച്ചു.

ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നം ആണ് പലസ്തീനികളുടേത്. കൂടിയാലോചനകൾ നടത്താതെ, അല്പം പോലും ആലോചിക്കാതെ മോദി ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മറ്റ് പല രാജ്യങ്ങളും നിലപാട് തിരുത്തി. കോൺഗ്രസിന് ഒരു നയം ആണ് ഉള്ളത്. അത് അന്നും എന്നും മാറുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

Related Posts

Leave a Reply