തനിക്കെതിരായ സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതികരണവുമായി എന്‍ പ്രശാന്ത് ഐഎഎസ്. ഉമ്മാക്കി കാണിക്കേണ്ടെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തനിക്കെതിരെ നടപടിയുണ്ടായതെന്നും എന്‍ പ്രശാന്ത് ട്വന്റിഫോറിനോട് പറഞ്ഞു. ഇന്ത്യയില്‍ ഭരണഘടനയൊക്കെ ഉണ്ടല്ലോ എന്ന് പ്രശാന്ത് ചോദിച്ചു. വ്യക്തിവൈരാഗ്യം തീര്‍ക്കാനല്ല ഇത്തരം സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. മറുഭാഗം കേള്‍ക്കുക എന്നതുപോലും ചെയ്തിട്ടില്ല. തനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് പോലും ലഭിച്ചില്ലെന്നും എന്‍ പ്രശാന്ത് പറഞ്ഞു. പ്രൈം ടൈം വിത്ത് എസ്‌കെഎന്‍ എന്ന പരിപാടിയില്‍ തത്സമയം ചേര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അന്യായം പൊതുസമക്ഷം പറയുന്നത് ചട്ടലംഘനമാകുന്നത് എങ്ങനെയാണെന്ന് എന്‍ പ്രശാന്ത് ചോദിച്ചു. ജോലി ചെയ്തതിനാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്. അത് അഭിമാനത്തോടെ സ്വീകരിക്കുന്നു. എ ജയതിലക് 18 വര്‍ഷമായി പരിചയമുളള വ്യക്തിയാണ്. സര്‍വീസില്‍ചേരുമ്പോള്‍ ട്രെയിനിങ്ങ് ഡയറക്ടറായിരുന്നു. ജൂനിയര്‍ ഉദ്യോഗസ്ഥരെ അടിമയായി കാണരുതെന്നും എന്‍ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
ഐഎഎസ് തലപ്പത്തെ ചേരിപ്പോരിലാണ് എന്‍ പ്രശാന്തിനെതിരെ സസ്‌പെന്‍ഷനുണ്ടായത്. ഉദ്യോഗസ്ഥര്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ നടപടി. ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. മതാടിസ്ഥാനത്തില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ചതിന് കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഒരുമിച്ച് സസ്‌പെന്‍ഷനിലാകുന്നത് ഇതാദ്യമായാണ്.