ബെംഗളൂരു: ടെക്കി ജീവനൊടുക്കിയ സംഭവത്തിൽ ചോദ്യംചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് ഭാര്യ നിഖിതക്ക് പൊലീസ് സമൻസ് അയച്ചു. മൂന്ന് ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിഖിതയെ കൂടാതെ, അമ്മ നിഷ, സഹോദരൻ അനുരാഗ്, അമ്മാവൻ സുശീൽ എന്നിവരോടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. മരിച്ച അതുലിന്റെ സഹോദരൻ ബികാസ് കുമാറിന്റെ പരാതിയിലാണ് നടപടി. നിഖിത ഉൾപ്പെടെയുള്ളവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.
നിഖിത ഒളിവിലാണെന്നുളള വിവരങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. അന്വേഷണ സംഘം ഉത്തർപ്രദേശിൽ എത്തിയപ്പോൾ ഇവർ ഒളിവിൽ പോയതായി ബെംഗളൂരു പൊലീസ് അറിയിച്ചിരുന്നു. മരിച്ച അതുൽ സുഭാഷിൻ്റെ പേരിൽ ഭാര്യ സ്ത്രീധന പീഡനവും മർദനവും ആരോപിച്ച് പരാതി നൽകിയിരുന്നു.
24 പേജുള്ള ആത്മഹത്യാ കുറിപ്പും ഒരു മണിക്കൂറിലധികം ദൈർഘ്യമുള്ള വീഡിയോയും പങ്കു വെച്ചായിരുന്നു യുപി സ്വദേശിയായ അതുൽ സുഭാഷ് ആത്മഹത്യ ചെയ്തത്. ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരം ദ്രോഹിച്ചു എന്നായിരുന്നു അതുലിൻറെ ആരോപണം. തന്നെ ഉപദ്രവിച്ചവർ ശിക്ഷിക്കപ്പെടുന്നതുവരെ തന്റെ ചിതാഭസ്മം ഒഴുക്കരുതെന്നും അതുൽ വീഡിയോയിൽ പറഞ്ഞിരുന്നു.
കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ തന്റെ ആത്മാവിന് വേണ്ടി ചിതാഭസ്മം കോടതിക്ക് പുറത്തുള്ള ഓടയിൽ തള്ളണമെന്നും അതുൽ ആവശ്യപ്പെട്ടിരുന്നു. ഭാര്യയേയും അവരുടെ കുടുംബത്തേയും മൃതദേഹത്തിനരികിൽ പ്രവേശിപ്പിക്കരുതെന്നും ഇയാൾ ആവശ്യപ്പെട്ടു. എല്ലാവരും ചേർന്ന് തന്നെ കുടുക്കിയതാണെന്നും യുവാവ് ആരോപിച്ചിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയിൽ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്നു അതുൽ സുഭാഷ്.