Kerala News

ചോറോട് വാഹനപകടക്കേസിലെ പ്രതി ഷജീലിനെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാൻ ഊർജ്ജിത ശ്രമവുമായി പൊലീസ്

കോഴിക്കോട്: ചോറോട് വാഹനപകടക്കേസിലെ പ്രതി ഷജീലിനെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാൻ ഊർജ്ജിത ശ്രമവുമായി പൊലീസ്. ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൾ സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന കേസിൽ എന്തിന് മുൻകൂർ ജാമ്യമെന്ന നിലപാടാണ് ജില്ലാ കോടതി സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ പൊലീസിന് മുന്നിൽ ഹാജരാവുകയാണ് പ്രതിക്ക് മുന്നിലുള്ള വഴി. അല്ലെങ്കിൽ മേൽക്കോടതിയെ സമീപിക്കണം. ഷജീലിനായി അന്വേഷണ സംഘം ഇതിനോടകം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി ഒൻപതോടെയാണ് ചോറോട് മേൽപ്പാലത്തിന് സമീപം അപകടമുണ്ടായത്. അപകടത്തിൽ 62 വയസുകാരിയായ പുത്തലത്ത് ബേബി മരിക്കുകയും കൊച്ചുമകൾ ദൃഷാന കോമാവസ്ഥയിലാവുകയും ചെയ്തിരുന്നു. വാഹനം ഇടിച്ചു എന്നറിഞ്ഞിട്ടും ഷജീൽ കാർ നിർത്താതെ പോവുകയായിരുന്നു. അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിർത്തുകൊണ്ട് പൊലീസ് കോടതിയിൽ ഉന്നയിച്ചത്. വിദേശത്തുള്ള ഷെജിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

ദൃഷാനയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പൊരുതുന്ന കുടുംബത്തിന്റെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്. ഏഷ്യാനെറ്റ്‌ ന്യൂസിന്‍റെ വാർത്ത ആക്കിയതോടെയാണ് മുടന്തി നീങ്ങുകയായിരുന്ന അന്വേഷണത്തിന് ജീവന്‍ വച്ചത്. ഏഷ്യാനെറ്റ്‌ ന്യൂസ് വാർത്തയിൽ ഹൈക്കോടതി സ്വമേധയാ കേസും എടുത്തിരുന്നു. സംഭവത്തിൽ ഹൈക്കോടതി സർക്കാരിൽ നിന്നും അടിയന്തര റിപ്പോർട്ട്‌ തേടിയിരുന്നു. പത്ത് മാസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ തിരിച്ചറിഞ്ഞത്. നഷ്ട പരിഹാരത്തിനായി പ്രതി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. ഇതിനിടെയാണ് വിദേശത്തുള്ള പ്രതി മുൻ‌കൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

 

Related Posts

Leave a Reply