Kerala News

ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച് യാത്ര ചെയ്തവര്‍ പലരും വഴി തെറ്റി

കോഴിക്കോട്: ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച് യാത്ര ചെയ്തവര്‍ പലരും വഴി തെറ്റിയ വാര്‍ത്തകള്‍ പുതുമയുള്ളതല്ല. അടുത്തിടെ എറണാകുളത്ത് ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച് യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാര്‍ പുഴയിലേക്ക് വീണ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്. എന്നാല്‍ ഇത്തവണ ഒരു ലോറി ഡ്രൈവറാണ് അപകടത്തില്‍പ്പെട്ടത്. 
 
മലപ്പുറം ഭാഗത്ത് നിന്ന്, കോഴിക്കോട് മുക്കത്തേക്ക് പോകേണ്ടിയിരുന്ന ലോറി വഴി തെറ്റി എത്തിയത് മാവൂര്‍ മണന്തലക്കടവില്‍. കൊണ്ടോട്ടിയില്‍ നിന്നും എടവണ്ണപ്പാറ വഴി എളമരം പാലം കടന്നയുടനെ ഗൂഗിള്‍ മാപ്പ് വഴിയായി നിര്‍ദേശിച്ചത് ഇടത്തോട്ടേക്കാണെന്നാണ് ലോറി ഡ്രൈവര്‍ പറയുന്നത്. എന്നാല്‍ ഇത് മാവൂരിലേക്കുള്ള വഴിയായിരുന്നു. മാവൂര്‍ അങ്ങാടിയില്‍ എത്തിയപ്പോഴാകട്ടെ ഇടത് വശത്തേക്ക് മണന്തലക്കടവ് ഭാഗത്തേക്കാണ് വഴിയെന്ന് ഗൂഗിളിന്റെ ശബ്ദ സന്ദേശം ലഭിച്ചതായി ഡ്രൈവര്‍ പറഞ്ഞു.  തുടര്‍ന്നും ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ച് മുന്നോട്ട് പോയ ലോറി ഡ്രൈവര്‍ ഒടുവില്‍ ചെന്നെത്തിയത് ചാലിയാര്‍ പുഴയുടെ അരികിലാണ്. കഷ്ടകാലം അതു കൊണ്ടും അവസാനിച്ചില്ല. ഗൂഗിളിനെയും പഴിച്ച് തിരിച്ചു മാവൂരിലേക്ക് തന്നെ വന്ന ലോറി നേരെ എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയും ചെയ്തു. കൂളിമാട് ഭാഗത്ത് നിന്നും മാവൂരിലേക്ക് വന്ന കാറുമായാണ് ലോറി ഇടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെങ്കിലും കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഡ്രൈവര്‍ പറഞ്ഞു. 

Related Posts

Leave a Reply