ഗവർണർ ബില്ലുകൾ രാഷ്ട്രപതിക്കയച്ച സംഭവത്തിൽ വീണ്ടും സുപ്രിം കോടതിയെ സമീപിക്കുമെന്ന് മന്ത്രി പി രാജീവ്. റിട്ട് ഭേദഗതി ചെയ്ത് വീണ്ടും സമർപ്പിക്കും. ഗവർണറുടെ നടപടിയുടെ ഭരണഘടനാപരമായ നിലനിൽപ് സുപ്രിംകോടതി പരിശോധിക്കും. കോടതി കൃത്യമായ മാർഗ നിർദ്ദേശം പുറപ്പെടുവിക്കും എന്നാണ് കരുതുന്നത് എന്നും രാജീവ് കൂട്ടിച്ചേർത്തു.
ഏകകണ്ഠമായാണ് പറവൂർ നഗരസഭ കൗൺസിൽ നവകേരള സദസിന് പണമനുവദിക്കാൻ പ്രമേയം പാസാക്കിയത്. പിന്നീട് സമ്മർദ്ദം ചെലുത്തി തീരുമാനം മാറ്റിക്കുകയായിരുന്നു. വി.ഡി.സതീശന് സ്വന്തം ആളുകളെ പോലും കാര്യങ്ങൾ ബോധ്യപ്പെടുത്താനായില്ല എന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ സർവ്വകലാശാല വിസിയെ പുറത്താക്കിയ നടപടി സർക്കാരിന് തിരിച്ചടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതികമായ കാര്യങ്ങൾ പരിഗണിച്ചാണ് കോടതി ഉത്തരവ് എന്ന് അദ്ദേഹം പ്രതികരിച്ചു.
