കോഴിക്കോട്: വീട്ടമ്മയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ ഒരു വര്‍ഷത്തിന് ശേഷം പൊലീസ് പിടികൂടി. പൊന്ന്യം സ്വദേശി നാരോന്‍ വീട്ടില്‍ കെ.പി ഷംജിത്തി(27)നെയാണ് വടകര പൊലീസ് പന്തക്കലില്‍ വെച്ച് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ ആദ്യ ഭാര്യയുടെ അമ്മയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കേസിലെ ഒന്നാം പ്രതിയും വീട്ടമ്മയുടെ മകളുടെ ആദ്യ ഭര്‍ത്താവുമായിരുന്ന എം.കെ റംഷാദിനെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കറുകയില്‍ സ്വദേശിയായ വീട്ടമ്മയെ ഇരുവരും ചേര്‍ന്ന് ബോംബെറിഞ്ഞ പരിക്കേല്‍പ്പിച്ചത്. പരാതിക്കാരിയുടെ മകള്‍ ഒന്നാം പ്രതിയെ പ്രണയിച്ച് വിവാഹം കഴിച്ചതായിരുന്നു. എന്നാല്‍ യുവതി പിന്നീട് റംഷാദിനെ ഒഴിവാക്കുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ഈ വിരോധമാണ് കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഇതിനായി ഷംജിത്തും റംഷാദിനെ സഹായിക്കുകയായിരുന്നു. വീട്ടമ്മയെ ആക്രമിക്കാനായി പ്രതികള്‍ ഉപയോഗിച്ച ബൈക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗണേശന്‍, റിനീഷ് കൃഷ്ണ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിജേഷ്, ഷാജി എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
