Kerala News

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ വെച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അതിജീവിതയുടെ സമരം റോഡിലേക്ക്.

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ വെച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അതിജീവിതയുടെ സമരം റോഡിലേക്ക്. വിവരാവകാശ റിപ്പോര്‍ട്ട് ലഭിക്കുന്നത് വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. മാനാഞ്ചിറ റോഡിലാണ് പ്രതിഷേധം. ഇവര്‍ നല്‍കിയ അപ്പീലില്‍ വിവരാവകാശ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത് ഇന്നാണെന്നും ആക്ഷേപമുണ്ട്.

രാഷ്ട്രീയ ലക്ഷ്യത്താല്‍ കേസ് അട്ടിമറിക്കാനാണ് പൊലീസും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് നേരത്തെ അതിജീവിത ആരോപിച്ചിരുന്നു. 2023 ജൂലൈയില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷണര്‍ക്ക് നല്‍കിയ അപ്പീലില്‍ ഇതുവരെയും മറുപടിയുണ്ടായില്ല. സിറ്റി കമ്മീഷണറുടെ നിര്‍ദേശപ്രകാരം വീണ്ടും വിവരാവകാശ കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണ റിപ്പോര്‍ട്ടിന്റെ രേഖകള്‍ നല്‍കിയാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡോക്ടറുടെ ജീവന് ആപത്തുണ്ടാകുമെന്നാണ് മറുപടി നല്‍കിയത്. ഇത് ചോദിക്കാനാണ് താന്‍ സിറ്റി കമ്മീഷണര്‍ ഓഫീസിലെത്തിയതെന്നും യാതൊരു കാരണവും കൂടാതെ പുറത്ത് നിര്‍ത്തിയെന്നും അതിജീവിത പറഞ്ഞിരുന്നു.

മാര്‍ച്ച് 18നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നില്ല. നീതി വൈകിപ്പിക്കുകയാണെന്ന് പറഞ്ഞ് പിന്നീട് അതിജീവിത കോടതിയെ സമീപിച്ചു. ചികിത്സയില്‍ തുടര്‍ന്നിരുന്ന അതിജീവിതയെ ചീഫ് നഴ്സിങ് ഓഫീസര്‍, നഴ്സിങ് സൂപ്രണ്ട്, സീനിയര്‍ നഴ്സിങ് ഓഫീസര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മൊഴി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ടായിരുന്നു. അതിജീവിതയെ പിന്തുണച്ച് മൊഴി നല്‍കിയ നഴ്സിംഗ് ഓഫീസറെ സ്ഥലം മാറ്റിയതടക്കമുള്ള സാഹചര്യവുമുണ്ടായിരുന്നു. പ്രതിഷേധത്തിനെയും തുടര്‍ന്നുള്ള ഹൈക്കോടതി ഇടപെടലിനെയും തുടര്‍ന്ന് പിന്നീട് നഴ്സിംഗ് ഓഫീസറായ അനിതയെ പിന്നീട് തിരിച്ചെടുത്തു. അതിജീവിതയുടെ ആരോപണങ്ങള്‍ തള്ളി ഗൈനക്കോളജിസ്റ്റ് കെ വി പ്രീതയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. പീഡനം നടന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടില്ലെന്നും ശാസ്ത്രീയ പരിശോധനയുടെ ആവശ്യമില്ലെന്നുമാണ് കെ വി പ്രീതയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പിന്നീട് കൃത്രിമമാണെന്ന് കണ്ടെത്തി. ശേഷം ഡോക്ടര്‍ കെ വി പ്രീതക്കെതിരെയും അന്വേഷണം നടന്നു. ഈ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ കോപ്പി തേടിയാണ് അതിജീവിത വിവരാവകാശ കമ്മീഷനെ സമീപിച്ചത്.

Related Posts

Leave a Reply