Kerala News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസിയു വിനകത്ത് യുവതി പീഡിപ്പിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്നതിന്വേട്ടയാടുന്നുവെന്ന് നഴ്സിംഗ് ഓഫീസര്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസിയു വിനകത്ത് യുവതി പീഡിപ്പിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്നതിന് ഒരു വര്‍ഷമായി തന്നെ വേട്ടയാടുകയാണെന്ന് സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ പിബി അനിത. സ്ഥലം മാറ്റിയ നടപടിക്കെതിരെ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. 

ഇന്നലെയാണ് കോടതി വിധിയനുസരിച്ച് തിരികെ ജോലിയില്‍ പ്രവേശിക്കാൻ ഇവര്‍ മെഡിക്കല്‍ കോളേജിലെത്തിയത്. എന്നാല്‍ പ്രിൻസിപ്പാളിനെ കാണാനോ ജോലിയില്‍ തിരികെ പ്രവേശിക്കാനോ സാധിച്ചില്ല. ഇതോടെയാണ് പ്രതിഷേധവുമായി ഇവര്‍ രംഗത്തെത്തിയത്. കോടതിയലക്ഷ്യത്തിന് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. 

ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പാളുടെ ഓഫീസിന് മുമ്പില്‍ അനിതയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇനി നിരാഹാരസമരം അടക്കമുള്ള സമരമുറകളിലേക്കും താൻ കടക്കുമെന്നാണ് അനിത പറയുന്നത്,

അതിജീവിതയ്ക്കൊപ്പം നില്‍ക്കുക മാത്രമാണ് താൻ ചെയ്തത്, അതിന് താൻ ഏറെ അനുഭവിക്കേണ്ടി വന്നു, കൂടെ ജോലി ചെയ്യുന്നവരില്‍ നിന്ന് പോലും മോശമായ പ്രതികരണങ്ങള്‍ നേരിടേണ്ടിവന്നുവെന്നും അനിത പറയുന്നു. 

കഴിഞ്ഞ വര്‍ഷമാണ് സംഭവം നടക്കുന്നത്. തൈറോയ്ഡ് ശസ്ത്രക്രിയക്ക് ശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ച യുവതിയെ ശശീന്ദ്രന്‍ എന്ന അറ്റന്‍ഡര്‍ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഈ പരാതി പിന്‍വലിക്കാന്‍ ആശുപത്രിയിലെ അഞ്ച് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് അതിജീവിത ആരോഗ്യ വകുപ്പിനെ സമീപിക്കുകയായിരുന്നു. സെക്യൂരിറ്റി, സിസിടിവി സംവിധാനങ്ങളില്‍ മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചകളുണ്ടെന്നാണ് അന്വേഷണത്തില്‍  മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കണ്ടെത്തല്‍.

ഇതിനിടെ അതിജീവിതയ്ക്ക് അനുകൂലമായ മൊഴി നല്‍കിയതിന് പിന്നാലെ സീനിയര്‍ നഴ്സിംഗ് ഓഫീസറായ അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റി. ഇതിനെതിരെ അനിത ഹൈക്കോടതിയില്‍ പോവുകയായിരുന്നു. 

Related Posts

Leave a Reply