കോട്ടയം: വീട്ടിൽ അതിക്രമിച്ച് കയറി അയൽവാസി നടത്തിയ ആക്രമണത്തിൽ സ്ത്രീക്ക് ശരീരമാസകലം പരിക്ക്. വൈക്കം നഗരസഭ എട്ടാം വാർഡിൽ മഠത്തിൽ പറമ്പിൽ ശിരിജ (62)യെയാണ് അയൽവാസിയായ കിഴക്കേമഠത്തിൽ അപ്പു (52) ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇരു വീട്ടുകാരും തമ്മിലുള്ള കലഹത്തെ തുടര്‍ന്നായിരുന്നു ആക്രമണമെന്നാണ് വിവരം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഗിരിജയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ അപ്പു കറിക്കത്ത് കൊണ്ടാണ് ആക്രമണം നടത്തിയത്. ഗിരിജയുടെ തലയ്ക്കും കഴുത്തിനും മുഖത്തും കൈത്തണ്ടയിലുമടക്കം നിരവധി മുറിവുകളേറ്റു. പിന്നീട് വാര്‍ഡ് മെമ്പ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ശേഷം നാട്ടുകാരുടെ സഹായത്തോടെ ഗിരിജയെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പരിക്കുകൾ സാരമുള്ളതായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗിരിജയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. എന്നാൽ കൈത്തണ്ടയിലേറ്റ മുറിവ് സാരമുള്ളതാണെന്നാണ് വിവരം. മറ്റ് പരിക്കുകളിൽ ചിലതിൽ തുന്നൽ ഇട്ടിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു. അപ്പുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.