Kerala News

കൊവിഡ് ബാധിതനല്ലാത്ത ആൾക്ക് കൊവിഡ് ചികിത്സ നൽകിയതിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

കൊവിഡ് ബാധിതനല്ലാത്ത ആൾക്ക് കൊവിഡ് ചികിത്സ നൽകിയതിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. എറണാകുളത്തെ മെഡിക്കൽ സെന്റർ ആശുപത്രിക്കും, ഡോക്ടറായ റോയി ജോർജിനും എതിരെയാണ് കോടതിവിധി. മലപ്പുറം കക്കാടംപൊയിൽ സ്വദേശികളായ സോജി – റെനി ദമ്പതികളാണ് മൂന്നുവർഷം നീണ്ട നിയമ പോരാട്ടം നടത്തിയത്.

കടുത്ത മാനസിക പ്രയാസവും ആരോഗ്യപ്രശ്നങ്ങളും നേരിട്ടെന്ന് സോജി ട്വന്റിഫോറിനോട് പറഞ്ഞു. കോവിഡ് നെഗറ്റീവ് ആയത് മറച്ചുവെച്ച് വൃക്ക രോഗിയായ സോജിയ്ക്ക് കോവിഡ് മരുന്ന് കുത്തിവച്ചു. ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് വന്ന ശേഷവും കൊവിഡ് ചികിത്സ തുടർന്നുവെന്ന് സോജി പറയുന്നു. അടിയന്തരമായി ഐസിയുവിൽ കയറണമെന്നായിരുന്നു ഡോക്ടർ പറഞ്ഞിരുന്നത്. ഡോക്ടർക്ക് ദുരുദേശമുള്ളതുപോലെയായിരുന്നു പെരുമാറ്റം. ഇനി ഒരു ഡോക്ടറും അനീതി ചെയ്യരുതെന്ന ഉദ്ദേശത്തോടെയാണ് നിയമപരമായി മുന്നോട്ട് പോയതെന്ന് സോജി പറഞ്ഞു.

2021 മെയിൽ ആണ് സംഭവം നടന്നത്. ആന്റിജൻ ടെസ്റ്റ് എടുത്തപ്പോൾ കൊവിഡ് ഉണ്ടെന്നോ ഇല്ലെന്നോ ഇല്ലാത്ത ഫലമാണ് വന്നത്. തുടർന്ന് രോ​ഗിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ആർടിപിസിആർ ടെസ്റ്റ് എടുത്തിട്ടും ഫലം രോ​ഗിയെ അറിയിച്ചില്ല. ഐസിയുവിൽ ചികിത്സ തുടരുകയായിരുന്നു. രണ്ട് ദിവസം ചികിത്സ തുടർന്നു. കിഡ‍്നി സംബന്ധമായ അസുഖം ഉണ്ടെന്ന് സോജി അറിയിച്ചിരുന്നു. എന്നിട്ടും കൊവിഡ് ചികിത്സ തുടർന്നു. പിന്നീട് നിർബന്ധ പൂർവം ഡിസ്ചാർജ് വാങ്ങ് മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

അതേസമയം കിഡ‍്നി രോ​ഗിക്ക് നൽകാൻ കഴിയാത്ത ​മരുന്നുകളാണ് സോജിക്ക് നൽ‌കിയതെന്ന് ഡിസ്ചാർജ് സമ്മറിയിൽ നിന്ന് കുടുംബം മനസിലാക്കിയത്. തുടർന്ന് പരാതിയുമായി മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു. മനുഷ്യാവകാശ കമ്മിഷൻ ഒരു ഡോക്ടർമാരുടെ കമ്മിഷനെ നിയമിച്ചു. എന്നാൽ ആരോ​ഗ്യ വകുപ്പിൽ നിന്നും ഡോക്ടർമാരുടെ സംഘത്തിൽ നിന്നും നീതി ലഭിക്കാത്തതിനെ തുടർന്നാണ് ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.

Related Posts

Leave a Reply