Kerala News

കൊല്ലം: പൂയപ്പള്ളിയിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ.

കൊല്ലം: പൂയപ്പള്ളിയിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ചെറിയ വെളിനല്ലൂർ സ്വദേശി ഷെമീറാണ് പിടിയിലായത്. മൈലോട് പ്രവർത്തിക്കുന്ന സ്കൂളിലെ ഉറുദു അധ്യാപകനാണ് പ്രതി. 12കാരിയാണ് പീഡനത്തിനിരയായത്. ദിവസങ്ങൾക്ക് മുമ്പ് ട്യൂഷൻ സെന്‍ററിലേക്ക് പോകാനായി12 കാരി വീട്ടിൽ നിന്നിറങ്ങി. എന്നാൽ കുട്ടി സ്ഥാപനത്തിൽ എത്തിയില്ലെന്ന് ട്യൂഷൻ സെന്‍റർ അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. പരിഭ്രാന്തരായ വീട്ടുകാർ കുട്ടിയെ കാണാനില്ലെന്ന് പൂയപ്പള്ളി പൊലീസിൽ പരാതി നൽകി.

പൊലീസ് അന്വേഷണം നടത്തുന്നതിനിടെ പെൺകുട്ടിയെ വഴിയിൽ വച്ച് കണ്ടെത്തി. ഉറുദു അധ്യപകനായ ഷെമീർ കുട്ടിയെ കൂട്ടിക്കൊണ്ട് പോയ ശേഷം വഴിയിൽ ഇറക്കിവിട്ടതാണെന്ന സൂചന പൊലീസിന് ലഭിച്ചു. പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അടുത്ത ദിവസം ചൈൽഡ് വെൽഫെയർ കമ്മറ്റി കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കി. കൗൺസിലിങ്ങിലാണ് അധ്യാപകൻ്റെ ചെയ്തികളെക്കുറിച്ച് പെൺകുട്ടി പറഞ്ഞത്.

പല തവണ വിദ്യാർത്ഥിനിയെ ഷെമീർ ലൈംഗീക താൽപര്യത്തോടെ സമീപിച്ചെന്നും ശരീരത്തിൽ സ്പർശിച്ചെന്നുമാണ് പരാതി. അന്വേഷണം നടക്കവേ പ്രതി കഴിഞ്ഞ ദിവസം സ്കൂളിൽ എത്തി. ഈ വിവരം അറിഞ്ഞ പൊലീസ് ഷെമീറിനെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ ഷെമീറിനെ റിമാൻഡ് ചെയ്തു.

Related Posts

Leave a Reply