കൊച്ചി: ആലുവയില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. മുഖ്യപ്രതികള്‍ക്ക് കാര്‍ വാടകയ്ക്ക് എടുത്ത് നല്കിയ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായത്. നേരത്തെ കൊലപാതക കേസുകളില്‍ അടക്കം പ്രതിയായ വ്യക്തിയാണ് പിടിയിലായതെന്നാണ് വിവരം. ഇന്നലെ രണ്ട് പേരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊല്ലം സ്വദേശികളായ മുഹമ്മദ് റിയാസ്, അന്‍വര്‍ എന്നിവരാണ് ഇന്നലെ കേസില്‍ അറസ്റ്റിലായത്. നാല് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ആലുവ റെയില്‍വേ സ്റ്റേഷന് പരിസരത്തുവെച്ചായിരുന്നു യുവാക്കളെ തട്ടിക്കൊണ്ടുപോയത്. നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന.
ഓട്ടോ ഡ്രൈവര്‍മാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇന്നോവ കാറിലാണ് സംഘമെത്തിയത്. പ്രതികള്‍ തിരുവനന്തപുരത്ത് ഉപേക്ഷിച്ച വാഹനം കണ്ടെത്തിയിരുന്നു. പ്രതികള്‍ നടത്തിയ ഗൂഗിള്‍ പേ ഇടപാടുകളും മൊബൈല്‍ ഫോണ്‍ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളും അടക്കം പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.