കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ കെ വി കുഞ്ഞിരാമന്, കെ മണികണ്ഠന് ഉള്‍പ്പെടെയുള്ള നേതാക്കളെ പ്രതി ചേര്‍ത്തത് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്. വിധി പഠിച്ച ശേഷം തുടര്‍തീരുമാനമെടുക്കുമെന്നും കേസില്‍ പ്രതിയാകുന്ന എല്ലാവരെയും പുറത്താക്കിയാല്‍ പാര്‍ട്ടിയില്‍ ആളുണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു. ഇത് അന്തിമ വിധിയല്ലെന്നും മേല്‍കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ കുറിച്ച് പാര്‍ട്ടിക്ക് നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല. പീതാംബരന് ലോക്കല്‍ കമ്മറ്റി അംഗമല്ലേ എന്ന് ചില മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു. അന്നയാള്‍ ലോക്കല്‍ കമ്മറ്റി മെമ്പറാണ്. അന്ന് രാത്രി തന്നെ പാര്‍ട്ടി ചര്‍ച്ച ചെയ്ത് അയാളെ പുറത്താക്കി. ഈ പാര്‍ട്ടിക്ക് മാത്രമേ അത്തരമൊരു നടപടിയെടുക്കാന്‍ കഴിയൂ. അതിനു ശേഷം ഞങ്ങള്‍ കേസില്‍ ഇടപെട്ടിരുന്നില്ല. ഇത് ജില്ലയിലെ സിപിഐഎമ്മിനെ വിലയിരുത്തുന്ന ശരിയായ ആളുകള്‍ക്കറിയാന്‍ പറ്റും. സംഭവത്തില്‍ സിപിഐഎമ്മിന് യാതൊരു പങ്കുമില്ലെന്ന് തുടര്‍ച്ചയായി വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ സിബിഐയെ കൊണ്ടുവന്നു. സിബിഐയെ കൊണ്ട് വന്നത് രാഷ്ട്രീയമായാണെന്ന് അന്ന് ഞങ്ങള്‍ വ്യക്തമാക്കി. രാഷ്ട്രീയമായി തന്നെ സിബിഐ ആ പ്രശ്നം കൈകാര്യം ചെയ്തു. അതിന്റെ ഭാഗമായി കെവി കുഞ്ഞിരാമന്, മണികണ്ഠനടക്കമുള്ള കുറച്ചു പേരെ പാര്‍ട്ടിയെ കുത്തി വലിക്കുന്നതിന് വേണ്ടി ഇതില്‍ പ്രതികളാക്കി. പാര്‍ട്ടിയെ അതിലേക്ക് കൊത്തി വലിച്ചപ്പോള്‍ ഇവരെ രക്ഷിക്കുന്നതിന് വേണ്ടി കേസിന് പോയി. പാര്‍ട്ടിക്കിതില്‍ പങ്കില്ല – എം.വി.ബാലകൃഷ്ണന് വിശദമാക്കി.
കോടതി വിധി പറഞ്ഞിട്ടുണ്ട്. അതിനെ മാനിച്ചു കൊണ്ട് തന്നെ ആ വിധി പഠിച്ചതിന് ശേഷം നിയമപരമായ അടുത്ത സാധ്യത ആലോചിക്കും. പ്രതിപ്പട്ടികയില്‍ ആരെയാണ് ഉള്‍പ്പെടുത്താന്‍ പറ്റാത്തത്. ഒരു കോടതി വിധിച്ചാല്‍ അപ്പോള്‍ തന്നെ നടപടിയെടുക്കണോ. അന്തിമ വിധിയല്ലല്ലോ ഇത്. കമ്യൂണിസ്റ്റുകാര്‍ ഏത് സമയത്തും കേസിലും മറ്റും പ്രതികളാകാം. പ്രതിയായി എന്ന ഒറ്റക്കാരണം കൊണ്ട് പുറത്താക്കിയാല്‍ പിന്നെ ഈ പാര്‍ട്ടിയില്‍ ആരാണ് ഉണ്ടാവുക – എം.വി.ബാലകൃഷ്ണന് ചോദിച്ചു.