കന്യാകുമാരി: കേരളത്തിൻ്റെ മാലിന്യപറമ്പായി കന്യാകുമാരിയെ മാറ്റാൻ സമ്മതിക്കില്ലായെന്ന് ജില്ലാ കളക്ടർ. കേരളത്തിലെ മാലിന്യം കന്യാകുമാരിയിൽ തള്ളുന്നത് തടയാൻ കൂടുതൽ തീരുമാനവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി.
ചെക്ക് പോസ്റ്റുകളിൽ ഇതുമായി സംബന്ധിച്ചുള്ള നോട്ടീസ് പതിക്കുമെന്നും, ഏതെങ്കിലും തരത്തിൽ ഇത്തരത്തിൽ മാലിന്യങ്ങളുമായി വാഹനങ്ങൾ വന്നാൽ അവയുടെ പെർമിറ്റ് റദ്ദാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഇതു കൂടാതെ പന്നി ഫാമുകളിൽ ബിഡിഒമാർ നേരിട്ടെത്തി പരിശോധന കടുപ്പിക്കും, ആരോഗ്യ വകുപ്പ് കൃത്യമായ പരിശോധനയും നടത്തും.
ചെക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ കുഴിത്തുറൈ ജംഗ്ഷനിൽ സിസിടിവി ക്യാമറകളും സ്ഥാപിക്കാൻ തീരുമാനം ആയിട്ടുണ്ട്. തെങ്കാശി, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ കേരളം മാലിന്യം തള്ളുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. തമിഴ്നാടിലെ പനച്ചിമൂടിൽ വൻകിട ഹോട്ടലുകളിലെ മാലിന്യം തള്ളാൻ കൊണ്ടുവന്ന ലോറി ഉൾപ്പടെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.
ഇതോടനുബന്ധിച്ച് മാലിന്യം നീക്കം ചെയ്യാൻ കരാറെടുത്ത ഏജൻ്റിനെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ആശുപത്രി മാലിന്യങ്ങൾ തമിഴ്നാടിൽ കേരളം തള്ളുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ വലിയ വിവാദം ഉണ്ടായതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ഭക്ഷണ മാലിന്യവുമായി ലോറികൾ പിടികൂടിയത്. ഇതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടം നടപടികൾ കർശനമാക്കിയത്.