സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുമോ എന്ന് ഇന്നറിയാം. വൈദ്യുതി പ്രതിസന്ധി വിഷയം ചര്‍ച്ച ചെയ്യാന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിനുള്ള രണ്ട് കമ്പനികളുമായുള്ള കരാര്‍ ഇന്ന് അവസാനിക്കുകയും ചെയ്യും. വൈദ്യുതി നിയന്ത്രണം ഉള്‍പ്പെടെയുള്ളവയില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാകും തീരുമാനം. വൈകുന്നേരങ്ങളില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന നിര്‍ദേശവുമുണ്ടാകും. വൈദ്യുതി ഉപയോഗവും ഓരോ ദിവസവും വര്‍ധിക്കുകയാണ്. വേനല്‍ക്കാലത്തെ ഉപയോഗത്തിന് സമാനമായ ഉപയോഗമാണ് ഇപ്പോഴുള്ളത്. കമ്പനികളുമായി ഉണ്ടാക്കിയ കരാര്‍ ഇന്ന് അവസാനിക്കുന്നതോടെ ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി വരും. ഇല്ലെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ. വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയതും മഴ കുറഞ്ഞതുമാണ് വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ 469 മെഗാ വാട്ടിന്റെ ദീര്‍ഘകാല കരാറുകള്‍ ആണ് സാങ്കേതികത്വത്തിന്റെ പേരില്‍ റെഗുലേറ്ററി കമ്മീഷന് റദ്ദാക്കിയത്. കരാര്‍ റദ്ദായതോടെ വൈദ്യുതി ക്ഷാമം രൂക്ഷമായി. ഇതിനു പുറമേയാണ് മഴ ലഭിക്കാതായതോടെ ജല സംഭരണികളിലെ ജലനിരപ്പ് താഴ്ന്നത്. നിലവില്‍ 37 ശതമാനം ജലം മാത്രമാണ് ബോര്‍ഡിന്റെ സംഭരണികള്‍ ഉള്ളത്.