India News

കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കമുണ്ടാകുമ്പോൾ; ഗവർണർമാർ നിലപാട് സമൂഹ മാധ്യമങ്ങളിൽ ഉന്നയിക്കണമെന്ന് കേന്ദ്ര നിർദ്ദേശം

കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കമുണ്ടാകുമ്പോൾ വിഷയത്തിലെ തങ്ങളുടെ കാഴ്ചപ്പാട് ഗവർണർമാർ കൂടുതൽ ശക്തമായി സമൂഹ മാധ്യമങ്ങളിൽ ഉന്നയിക്കണമെന്ന് കേന്ദ്രസർക്കാരിൻ്റെ നിർദ്ദേശം. സമൂഹമാധ്യമങ്ങളിൽ തദ്ദേശീയരായ ജനങ്ങളുമായി കൂടുതൽ അടുപ്പമുണ്ടാക്കണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.

ഇന്ന് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ അധ്യക്ഷതയിൽ ആരംഭിച്ച ദ്വിദിന സമ്മേളനത്തിലെ അജണ്ടകളിൽ ഒന്നായിരുന്നു ഇത്. ഗവർണർമാർ സംസ്ഥാന തലത്തിൽ കേന്ദ്ര ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കണം. കേന്ദ്ര ഏജൻസികൾക്കൊപ്പം തൊഴിൽ സൃഷ്ടിക്കൽ, വിദ്യാഭ്യാസം, നൈപുണ്യ പരിശീലനം, സേവനവും വളർച്ചയും തുടങ്ങിയ രംഗങ്ങളിൽ ശക്തമായി ഇടപെടണം എന്നതാണ് മറ്റൊരു നിർദ്ദേശം.

ദ്രൗപദി മുർമുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഗവർണർമാരുടെ ആദ്യ ഔദ്യോഗിക യോഗമായിരുന്നുഇത്. രാഷ്ട്രപതിയുടെ സെക്രട്ടേറിയേറ്റ്, ഗവർണർമാർ, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ പങ്കെടുക്കും. കേന്ദ്ര സർക്കാരിൽ ആഭ്യന്തരം, വിദ്യാഭ്യാസം, കൃഷി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഐ&ബി, പരിസ്ഥിതി, വനം കാലാവസ്ഥാ മാറ്റം, യുവജനക്ഷേമം കായികം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാർ കൂടി സമ്മേളനത്തിൻ്റെ ഭാഗമാണ്. നിതി ആയോഗ് വൈസ് ചെയർമാൻ, പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഓഫീസിലെ സീനിയർ ഉദ്യോഗസ്ഥർ, കാബിനറ്റ് സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.

രാജ്യത്ത് മൂന്ന് ക്രിമിനൽ നിയമങ്ങൾ ടപ്പാകക്കുക, ഉന്നത വിദ്യാഭ്യാസ പരിഷ്കാരം, സർവകലാശാലകളുടെ അംഗീകാരം, ട്രൈബൽ മേഖലയുടെ വികസനം, തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഓരോ സംസ്ഥാനത്തും സാമുദായിക നേതാക്കളുമായി ഗവർണർമാർ സ്ഥിരമായി യോഗങ്ങൾ വിളിക്കണമെന്നും ഓപൺ ഫോറങ്ങൾ സംഘടിപ്പിക്കണമെന്നും ജനങ്ങളുമായി നേരിട്ട് സംവദിക്കണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നുണ്ട്. സ്കൂളുകളിലും ആശുപത്രികളിലുമടക്കം ഗവർണർമാർ എത്തണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

Related Posts

Leave a Reply