കൊച്ചി: കൂത്താട്ടുകുളത്ത് കൗൺസിലറെ തട്ടികൊണ്ടുപോയ കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ചെള്ളക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി മോഹനനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂത്താട്ടുകുളം പ്രൈവറ്റ് ബസ്റ്റാൻഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനമാക്കിയാണ് അറസ്റ്റ്.
കൂത്താട്ടുകുളം നഗരസഭയിൽ നടന്ന അവിശ്വാസപ്രമേയത്തിനിടെ കൗൺസിലർ കലാ രാജുവിനെ സിപിഐഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയെന്ന പരാതിയുണ്ടായിരുന്നു. അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കുന്ന വേളയിലാണ് കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത്.
സിപിഐഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന് മനസിലാക്കിയതാണ് തട്ടിക്കൊണ്ടുപോകാനുള്ള കാരണമെന്നായിരുന്നു ആരോപണം.
അവിശ്വാസ പ്രമേയ ചർച്ചയുടെ സമയം കഴിഞ്ഞപ്പോൾ കലാ രാജുവടക്കം എല്ലാവരും വീട്ടിൽ പോയെന്നും ആരും ആരെയും തട്ടിക്കൊണ്ടുപോയില്ലെന്നുമായിരുന്നു നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസിന്റെ പ്രതികരണം. എന്നാൽ തന്നെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമാക്കി കലാ രാജു തന്നെ രംഗത്തെത്തിയിരുന്നു.