കുഞ്ഞിന്റെ ജനന രജിസ്ട്രേഷന് ഇനി മുതല്‍ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട കരട് ചട്ടം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. മുന്‍പ് കുടുംബത്തിന്റെ മതം മാത്രമായിരുന്നു ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നത്. കുട്ടിയുടെ ജനനം രജിസ്ട്രര്‍ ചെയ്യുമ്പോള്‍ പിതാവിന്റെയും മാതാവിന്റെയും മതം പ്രത്യേകം രേഖപ്പെടുത്തുന്നതിന് ഇനി മുതല്‍ കോളങ്ങള്‍ ഉണ്ടാകും. കുട്ടിയെ ദത്തെടുക്കലിലും ഈ നിയമം ബാധകമാകും. നിയമം പ്രാബല്യത്തിലാകുന്നതിന് മുന്‍പ് സംസ്ഥാന സര്‍ക്കാരുകള്‍ വിജ്ഞാപനം ചെയ്യണം. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും വേണം. സ്കൂള്‍ പ്രവേശനം, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ പട്ടിക, ആധാര്‍ നമ്പര്‍, വിവാഹ രജിസ്ട്രേഷന്, സര്‍ക്കാര്‍ ജോലിയിലേക്കുള്ള നിയമനം എന്നിവയ്ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഒരൊറ്റ രേഖയായി ഉപയോഗിക്കാന്‍ അനുവദിക്കുന്ന ജനന-മരണ രജിസ്ട്രേഷന് ഭേദഗതി ബില്‍ 2023 കഴിഞ്ഞ മണ്‍സൂണ്‍ സമ്മേളനത്തില്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. പൊതുസേവനങ്ങളും സാമൂഹിക ആനുകൂല്യങ്ങളും കാര്യക്ഷമവും സുതാര്യവുമാക്കുകയാണ് ഇത് സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.