ബിഹാറിൽ നിന്ന് കാണാതായ ക്ഷേത്ര പൂജാരിയുടെ മൃതദേഹം കണ്ടെത്തി. കണ്ണുകൾ ചൂഴ്ന്നെടുത്ത് ജനനേന്ദ്രിയം മുറിച്ച് മാറ്റിയ നിലയിലായിരുന്നു. സംഭവത്തിന് പിന്നാലെ നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.
ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലാണ് സംഭവം. ദനാപൂർ ഗ്രാമത്തിലെ ശിവക്ഷേത്രത്തിൽ പൂജാരിയായിരുന്ന മനോജ് കുമാറിനെ കഴിഞ്ഞ ആറ് ദിവസമായി കാണാതായിരുന്നു. വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് പോയ മനോജിനെ കാണാതാവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ സഹോദരൻ അശോക് കുമാർ ഷാ ബിജെപിയുടെ മുൻ ഡിവിഷൻ പ്രസിഡന്റാണ്.
ശനിയാഴ്ച ഗ്രാമത്തിലെ കുറ്റിക്കാട്ടിൽ നിന്നാണ് മനോജിൻ്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ വെടിയേറ്റ പാടുകളുണ്ട്. പിന്നാലെ വിവരമറിഞ്ഞെത്തിയ നാട്ടുകാർ പൊലീസിന്റെ അനാസ്ഥ ആരോപിച്ച് ബഹളം വച്ചു. സംഘർഷത്തിനിടെ നാട്ടുകാർ പൊലീസുകാർക്ക് നേരെ കല്ലെറിയുകയും ഹൈവേയിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് വാഹനത്തിന് തീയിടുകയും ചെയ്തു. പൊലീസ് ആകാശത്തേക്ക് വെടിവെച്ച് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചു.
