തിരുവനന്തപുരം: സർക്കാർ സ്കൂളിൽ നിന്ന് ഇത്തവണ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ കലോത്സവത്തിന് അയയ്ക്കുന്ന സ്കൂളായതിന്റെ സന്തോഷത്തിലാണ് പട്ടം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. അഞ്ച് ഗ്രൂപ്പ് ഐറ്റം ഉൾപ്പെടെ 10 ഇനങ്ങളിലായി അമ്പതിൽ പരം വിദ്യാർത്ഥികളാണ് സ്കൂളിൽ നിന്ന് ഇത്തവണ സംസ്ഥാന കലോത്സവ വേദിയിൽ എത്തുന്നത്.
നാടകമുൾപ്പെടെ അഞ്ച് ഗ്രൂപ്പിനങ്ങളാണ് കൊല്ലത്തെ കലോത്സവ വേദികളിൽ മാറ്റുരയ്ക്കാനെത്തുന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച്, സ്കൂളിൽ നിന്ന് കൂടുതൽ വിദ്യാർഥികൾ പങ്കെടുക്കുന്ന സന്തോഷത്തിലാണ് പട്ടം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. മൈം, നാടകം, ഒപ്പന, വഞ്ചിപ്പാട്ട്, നാടൻപാട്ട്, തുടങ്ങിയ ഗ്രൂപ്പ് ഇനത്തിലാണ് പട്ടം സ്കൂളിലെ കുട്ടികൾ മത്സരിക്കുക.
ജനുവരി,5,6 തീയതികളിലായാണ് മൈം, നാടകം അടക്കമുള്ള മത്സരങ്ങൾ. ആദ്യമായി സ്കൂളിൽ നിന്ന് നാടകം, സംസ്ഥാന മൽസരത്തിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടി ഉയരുമ്പോൾ വലിയ പ്രതീക്ഷയിലാണ് തിരുവനന്തപുരം ജില്ലയും.
